നീലേശ്വരത്ത് കിണറിടിഞ്ഞ് താഴ്ന്നു
1435301
Friday, July 12, 2024 1:46 AM IST
നീലേശ്വരം: വീട്ടുമുറ്റത്തെ ആൾമറയുള്ള കിണർ ഇടിഞ്ഞുതാഴ്ന്നു. നീലേശ്വരം കിഴക്കൻ കൊഴുവൽ എൻഎസ്എസ് ഓഡിറ്റോറിയത്തിന് സമീപത്തെ അരമന കുഞ്ഞമ്മാറമ്മ (75) യുടെ വീട്ടിലെ കിണറാണ് താഴ്ന്നത്.
ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെ ഇവർ ഇതേ കിണറിൽനിന്ന് വെള്ളമെടുത്ത് കുളിച്ച് തൊട്ടടുത്ത ക്ഷേത്രത്തിൽ പോയതായിരുന്നു. തിരിച്ചുവന്നപ്പോഴേക്കും കിണർ മണ്ണിടിഞ്ഞു നികന്ന നിലയിലായി.
ആൾമറയുടെ തൂണുകളും കപ്പിയും കയറും പുറത്തുവച്ചിരുന്ന മോട്ടോറും മാത്രമാണ് കാണാനുണ്ടായിരുന്നത്. വാർഡ് കൗൺസിലർ ടി.വി.ഷീബ, പൊതുപ്രവർത്തകരായ എം.രാജഗോപാലൻ നായർ, ബാബു.എൻ.പ്രഭു എന്നിവരും വില്ലേജ് അധികൃതരും സ്ഥലത്തെത്തി.