വിദ്യാസമ്പന്നർ മാതൃരാജ്യത്തിനുവേണ്ടി പ്രവർത്തിക്കണം : ഡോ. ഫെലിക്സ് ബാസ്റ്റ്
1435300
Friday, July 12, 2024 1:46 AM IST
രാജപുരം: മാതൃരാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ വിദ്യാസമ്പന്നർ തയാറാകണമെന്നും അവസരങ്ങൾ തേടിവരാൻ കാത്തുനിൽക്കാതെ അവസരങ്ങളെ തേടിപ്പോകാൻ വിദ്യാർഥികൾ തയാറാകണമെന്നും ഇന്ത്യയുടെ അന്റാർട്ടിക് പര്യവേഷണ ഗവേഷണ ദൗത്യത്തിന് നേതൃത്വം വഹിച്ച മലയാളിയും പഞ്ചാബ് സർവകലാശാല പ്രഫസറുമായ ഡോ.ഫെലിക്സ് ബാസ്റ്റ്. രാജപുരം സെന്റ് പയസ് ടെൻത് കോളജിൽ പ്രഥമ നാലുവർഷ ബിരുദ വിദ്യാർഥികൾക്കുള്ള ഓറിയന്റേഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെലിക്സ് ബാസ്റ്റിനെ പോലെയുള്ള പൂർവ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരുന്ന ശ്രദ്ധേയമായ ഗവേഷണങ്ങൾ ദേശീയതലത്തിലും അന്തർദേശീയ തലത്തിലും ഗണ്യമായ മാറ്റങ്ങൾ കൊണ്ടുവരുന്നുവെന്നുള്ളത് അഭിമാനകരമാണെന്ന് പ്രിൻസിപ്പൽ ഡോ.ബിജു ജോസഫ് പറഞ്ഞു. മേരി ക്യൂറി ഗവേഷണ ഫെലോഷിപ്പ് നേടിയ ജെസ്വിൻ ജിജിയെ ആദരിച്ചു.