മണ്ണിടിഞ്ഞുവീണ് വീട് തകർന്നു
1431425
Tuesday, June 25, 2024 1:05 AM IST
രാജപുരം: കനത്ത മഴയിൽ കല്ലും മണ്ണും ഇടിഞ്ഞുവീണ് വീട് തകർന്നു. കള്ളാർ പെരുമ്പള്ളിയിലെ സന്തോഷിന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്. ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം.
വീടിന്റെ മുകൾ ഭാഗത്ത് നിർമിച്ച ചെങ്കല്ലുകൊണ്ടുള്ള പാർശ്വഭിത്തി മുഴുവനായും നിലം പതിച്ചു. കല്ലും മണ്ണും കൂടി വീടിന് മുകളിലേക്ക് വീണ് ചുമരുകൾക്ക് വിള്ളൽ സംഭവിക്കുകയും കിടപ്പുമുറി അടക്കം തകരുകയും ചെയ്തു.
വീടിന് പുറകിലുള്ള പ്ലംബിംഗ് മൊത്തം നശിച്ചു. രാത്രി കിടക്കുന്നതിനു മുമ്പ് അപകടം സംഭവിച്ചത് കൊണ്ട് വൻ അപകടം ഒഴിവായി. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.