ജില്ലയിൽ തേങ്ങ ഉത്പാദനത്തിൽ 40 ശതമാനം കുറവ്
1431202
Monday, June 24, 2024 1:05 AM IST
ഒടയംചാൽ: ജില്ലയിൽ തേങ്ങ ഉത്പാദനത്തിൽ മുൻവർഷങ്ങളിലേതിനേക്കാൾ 40 ശതമാനം വരെ കുറവുണ്ടായതായി കർഷക സംഘടനകളുടെ കണക്ക്. മലയോരമേഖലയിലും ഇതിന്റെ പ്രതിഫലനം പ്രകടമാണ്. കോടോം-ബേളൂർ, കള്ളാർ, പനത്തടി പഞ്ചായത്തുകളിലായി മൂന്നിടങ്ങളിൽ 34 രൂപ താങ്ങുവിലയ്ക്ക് സംഭരണം തുടങ്ങിയിട്ടുണ്ടെങ്കിലും മുൻവർഷത്തെ തിരക്ക് അനുഭവപ്പെടുന്നില്ല.
കാലാവസ്ഥാമാറ്റവും മഴക്കുറവും വർധിച്ചുവരുന്ന രോഗബാധകളുമൊക്കെയാണ് ഉത്പാദനം കുറയാൻ കാരണമാകുന്നത്. തേങ്ങകളുടെ വലിപ്പവും തൂക്കവും കുറയുന്നതും വ്യാപകമാണ്. കഴിഞ്ഞ രണ്ടുവർഷവും വേനൽച്ചൂട് കൂടിയതും ജലസേചനം നടത്താൻ വെള്ളമില്ലാതായതും തെങ്ങുകളുടെ ആരോഗ്യത്തെ ഗണ്യമായി ബാധിച്ചതായി കർഷകർ പറയുന്നു. മുൻകാലങ്ങളിൽ തെങ്ങിന് കാര്യമായ വളപ്രയോഗം ആവശ്യമില്ലാതിരുന്ന മേഖലകളിൽ പോലും ഇപ്പോൾ കുമ്മായവും ജൈവവളങ്ങളുമൊക്കെ ചേർക്കേണ്ടിവരുന്നുണ്ട്.
പനത്തടിയിൽ റാണിപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയും ഉദയപുരത്ത് ഗ്രാമലക്ഷ്മി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയും മാലക്കല്ലിൽ മലനാട് സഹകരണസംഘവുമാണ് കേരഫെഡിനു വേണ്ടി പച്ചത്തേങ്ങ സംഭരണം തുടങ്ങിയിട്ടുള്ളത്. പക്ഷേ ഇതിനായി പെർമിറ്റെടുക്കാൻ കഴിഞ്ഞ വർഷത്തെ തിരക്ക് കൃഷിഭവനുകളിൽ കാണാനില്ല. മൂന്നിടങ്ങളിലും എത്തിച്ചേർന്ന തേങ്ങയുടെ അളവിലും കുറവുണ്ട്. പെർമിറ്റെടുക്കാനുള്ള അലച്ചിലും തേങ്ങയുടെ വില ബാങ്ക് അക്കൗണ്ടിൽ എത്തുന്നതിനുള്ള കാത്തിരിപ്പും പരിഗണിക്കുമ്പോൾ ഉള്ള തേങ്ങ പൊതുവിപണിയിൽ തന്നെ വില്പന നടത്തി കൈയോടെ പണം വാങ്ങാനാണ് പല കർഷകരും താത്പര്യപ്പെടുന്നത്.