കിടപ്പാടം നഷ്ടമാക്കുമോ തീരദേശപാത ?
1431201
Monday, June 24, 2024 1:05 AM IST
വലിയപറമ്പ്: കുഞ്ചത്തൂർ മുതൽ തിരുവനന്തപുരം പൊഴിയൂർ വരെ നീളുന്ന നിർദിഷ്ട തീരദേശ ഹൈവേ വലിയപറമ്പിലൂടെ കടന്നുപോകുമ്പോൾ വീടുകൾ നഷ്ടപ്പെടുന്ന പ്രദേശത്തുകാർ ആശങ്കയിൽ. അലൈൻമെന്റിൽ മാറ്റം വരുത്തിയെന്ന ആക്ഷേപവും കടലിനോട് ചേർന്ന് റോഡ് നിർമിക്കണമെന്ന ആവശ്യവും അവർ ഉന്നയിക്കുന്നു. 625 കിലോമീറ്റർ നീളത്തിൽ ഒമ്പതു ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശപാത പല ജില്ലകളിലും പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ഒമ്പത് മീറ്റർ വീതിയിൽ ടാറിംഗ്, രണ്ടര മീറ്റർ സൈക്കിൾ പാത, ഒന്നര മീറ്റർ വീതം ഇരുവശങ്ങളിലും നടപ്പാത, ഓവുചാൽ, ബസ് ബേ ഉൾപ്പെടെ 16 മീറ്റർ വീതിയിലാണ് തീരദേശ പാത നിർമിക്കുന്നത്. തീരദേശ ഹൈവേ സ്ഥലം ഏറ്റെടുക്കുന്നതിൽ മുൻധാരണ ലംഘിക്കുന്നുവെന്ന ആക്ഷേപമാണ് വലിയപറമ്പ പഞ്ചായത്തിന്റെ തെക്കൻ മേഖലയിലുള്ള വാർഡുകളിൽ നിന്നുയരുന്നത്.
വലിയപറമ്പിലെ കടലോര ഭാഗങ്ങളിൽ സാധാരണക്കാരുടെ കിടപ്പാടങ്ങൾ നഷ്ടപ്പെടുന്ന രീതിയിലാണ് പാതയുടെ അലൈൻമെന്റ് ഉള്ളതെന്ന ആക്ഷേപമാണ് പഞ്ചായത്തിലെ അഞ്ച്, നാല്, ആറ് വാർഡുകളിലെ പല കുടുംബങ്ങൾക്കുള്ള ആശങ്ക. അഞ്ചാം വാർഡിലാണ് നാട്ടുകാർ പ്രത്യക്ഷത്തിൽ പ്രതിഷേധമായി രംഗത്തു വന്നിട്ടുള്ളത്. പാത ഇപ്പോഴുള്ള രീതിയിൽ വന്നാൽ 35ൽ പരം വീടുകൾ ചെറിയ പ്രദേശത്തു നിന്ന് തന്നെ ഒഴിവാക്കേണ്ടി വരുമെന്നാണ് നാട്ടുകാർ പറയുന്നത്. കടലോരത്ത് കൂടി പോവുകയാണെങ്കിൽ ഒന്നു മുതൽ മൂന്ന് വീടുകൾ മാത്രമാണ് ഒഴിവാക്കേണ്ടി വരുകയെന്ന് നാട്ടുകാർ പറയുന്നു. പരമ്പരാഗത തൊഴിലെടുക്കുന്ന മത്സ്യതൊഴിലാളികളുടെ വീടുകൾഒഴിവാക്കി ആർക്ക് വേണ്ടിയാണ് പുതിയ പാത നിർമിക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.
ഭൂരിഭാഗം കുടുംബങ്ങളും മത്സ്യതൊഴിലാളികൾ ഉൾക്കൊള്ളുന്നതാണെന്നതിനാൽ ദ്വീപ് പഞ്ചായത്ത് വിട്ട് പോയി തൊഴിലെടുക്കുവാനാവില്ലെന്ന വാദവും അവർ മുന്നോട്ടു വെക്കുന്നു. ഉദിനൂർ കടപ്പുറം ഫിഷറീസ് യുപി സ്കൂളിന് തെക്ക് ഭാഗത്തായി കടലോരത്താണ് 15 മീറ്റർ മാത്രം വ്യത്യാസത്തിൽ പാതയ്ക്കായി പിങ്ക് കുറ്റി ഇട്ടിരിക്കുന്നത്. ഇവിടെ ഹോം സ്റ്റേയ്ക്ക് അധികൃതർ അനുകൂലമായി ഗതി മാറ്റിയതായും അവർ ആരോപിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇത് സംബന്ധിച്ച് കന്നുവീട് കടപ്പുറം പ്രദേശത്ത് എംഎൽഎ വിളിച്ച് ചേർത്ത യോഗം അവസാന നിമിഷം മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് അനക്കമൊന്നും ഉണ്ടായതുമില്ല. അതേസമയം വലിയറമ്പ പഞ്ചായത്തിലെ കഴിഞ്ഞ ഭരണസമിതിയും വിവിധ രാഷ്ട്രീയ സംഘടനകളുമായി ചർച്ച നടത്തി തീരുമാനിച്ചാണ് അലൈൻമെന്റ് അന്തിമമാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ പറഞ്ഞു. കഴിഞ്ഞ വർഷം വിവിധ സംഘടനകളുടെ പ്രതിനിധികൾ ഉൾപ്പെടെ, ആശങ്കകൾ ബാക്കിയുള്ള പ്രദേശങ്ങളിലുള്ളവർക്ക് പ്രൊജക്ട് മാപ്പ് വെച്ച് പ്രദർശിപ്പിച്ച് കൊടുത്ത ശേഷമാണ് പദ്ധതി മുന്നോട്ടു പോകുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.