കുട്ടികളുടെ വായനാ ചാലഞ്ചിന് ശേഷം ഈസ്റ്റ് എളേരിയിൽ ഇനി അമ്മവായന
1430540
Friday, June 21, 2024 1:48 AM IST
ചിറ്റാരിക്കാൽ: അവധിക്കാലത്ത് കുട്ടികൾക്കായി വായനാ ചാലഞ്ചൊരുക്കിയ ലൈബ്രറി കൗൺസിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് സമിതി വായനാവാരത്തോടനുബന്ധിച്ച് അമ്മമാർക്കായി വായനമത്സരമൊരുക്കുന്നു. അമ്മ വായന എന്ന പേരിലുള്ള പരിപാടിയുടെ ഉദ്ഘാടനം കമ്പല്ലൂർ സിആർസി ഗ്രന്ഥാലയത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി.കെ.മോഹനൻ നിർവഹിച്ചു. കെ.പി.ദാമോദരൻ അധ്യക്ഷനായി.
ബാലതാരം ജി.നിരഞ്ജന, പഞ്ചായത്ത് അംഗം പി.വി.സതീദേവി, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം കെ.ഗോവിന്ദൻ, കമ്പല്ലൂർ ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ കെ.പി.ബൈജു, കെ.പി.രമേശൻ എന്നിവർ പ്രസംഗിച്ചു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ അമ്മമാർക്ക് മത്സരത്തിൽ പങ്കെടുക്കാം.
ജൂലൈ ഏഴു വരെ നീളുന്ന വായനാ പക്ഷാചരണ കാലത്ത് പഞ്ചായത്തിലെ ഏതെങ്കിലുമൊരു ലൈബ്രറിയിൽനിന്നും പുസ്തകങ്ങളെടുത്തു വായിച്ച് ഇഷ്ടപ്പെട്ട ഒരു പുസ്തകത്തിന്റെ ആസ്വാദനം തയാറാക്കുകയാണ് ചെയ്യേണ്ടത്. ആസ്വാദന കുറിപ്പുകൾ അതതു വായനശാലകളിൽ സ്വീകരിക്കും. ഇവയിൽ നിന്നും വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകും.