ബിരിക്കുളം സ്കൂൾ പ്രശ്നം; സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾക്ക് കാരണംകാണിക്കൽ നോട്ടീസ്
1430087
Wednesday, June 19, 2024 1:51 AM IST
പരപ്പ: സിപിഎം നിയന്ത്രണത്തിലുള്ള ബിരിക്കുളം എയുപി സ്കൂളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടി തീരുമാനത്തിനൊപ്പം നില്‍ക്കാതിരുന്ന ആറ് ലോക്കൽ കമ്മിറ്റി അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്. സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ച സ്കൂളിൽ ധൃതിപിടിച്ച് അധ്യാപക നിയമനങ്ങൾ നടത്താനുള്ള നീക്കത്തെ എതിർത്ത് ഇവർ പാർട്ടി യോഗങ്ങളിൽ നിന്നും വിട്ടുനിന്നിരുന്നു.
സ്കൂളിന്റെ ഉടമസ്ഥാവകാശമുള്ള ട്രസ്റ്റിന്റെ തലപ്പത്തുള്ള ഏതാനും നേതാക്കൾ വൻ തുക കോഴ വാങ്ങിയാണ് അധ്യാപക നിയമനങ്ങൾക്കുള്ള നീക്കം നടത്തുന്നതെന്നാണ് ഒരുവിഭാഗം സിപിഎം പ്രവർത്തകരും കോൺഗ്രസ് നേതാക്കളും ആരോപിക്കുന്നത്. ഈ വാദത്തിനൊപ്പം നിന്ന നേതാക്കൾക്കാണ് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നല്‍കിയത്.
ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് കമ്മിറ്റികൾ വിളിച്ചുചേർത്ത് പാർട്ടി തീരുമാനം വിശദീകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ആകെയുള്ള 12 ബ്രാഞ്ച് കമ്മിറ്റികളിൽ രണ്ടെണ്ണം മാത്രമാണ് വിളിച്ചുചേർക്കാൻ സാധിച്ചത്. മറ്റു ബ്രാഞ്ച് കമ്മിറ്റികളെല്ലാം അധ്യാപക നിയമനങ്ങൾ നടത്താനുള്ള തീരുമാനത്തെ എതിർക്കുകയാണ്. അധ്യാപക നിയമനങ്ങൾ നടത്തുമ്പോൾ സാധാരണ പാർട്ടി കുടുംബങ്ങളിൽ നിന്നുള്ളവരെ പരിഗണിച്ചില്ലെന്നും ആരോപണമുയരുന്നുണ്ട്.
സിപിഎം നിയന്ത്രണത്തിലുള്ള കിനാനൂർ സെക്കൻഡ് ഗ്രാമസേവാസംഘം എന്ന ട്രസ്റ്റിനാണ് സ്കൂളിന്റെ ഉടമസ്ഥാവകാശമുള്ളത്. എന്നാൽ, സ്കൂൾ നടത്തിപ്പിനാവശ്യമായ ഭൂമി ട്രസ്റ്റിന്റെ കൈയിലില്ലെന്നും സർക്കാർ ഭൂമി കൈയേറിയാണ് സ്കൂൾ കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളതെന്നും റവന്യൂ വകുപ്പ് റിപ്പോർട്ട് നല്കിയതിന്റെയും ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് സ്കൂൾ സർക്കാർ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങിയത്.
സ്കൂൾ സർക്കാരിന് വിട്ടുകൊടുക്കുന്ന കാര്യത്തിൽ സിപിഎമ്മിനകത്തും ധാരണയായിട്ടുണ്ടെങ്കിലും നിലവിലുള്ള മൂന്ന് അധ്യാപക ഒഴിവുകളിൽ അതിനു മുമ്പേ നിയമനം നടത്താനുള്ള നീക്കമാണ് വിവാദമായത്. സർക്കാർ ഏറ്റെടുക്കാൻ പോകുന്ന സ്കൂളിൽ മാനേജ്മെന്റ് കോഴ വാങ്ങി അധ്യാപക നിയമനങ്ങൾ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ ബന്ധപ്പെട്ടവർക്ക് പരാതി നല്‍കിയിരുന്നു.
വിവാദങ്ങൾക്കിടെ കഴിഞ്ഞ ദിവസം ചേർന്ന ട്രസ്റ്റ് യോഗം ഏറെ നാളായി സജീവ പ്രവർത്തനങ്ങളിൽനിന്നും വിട്ടുനില്‍ക്കുന്ന ട്രസ്റ്റ് ചെയർമാൻ എങ്കപ്പ ഭട്ടിന് പകരം സിപിഎം ലോക്കൽ സെക്രട്ടറി വി. മോഹനനെ ചെയർമാനായും പി. പദ്മനാഭന് പകരം ജോയി പി. പൗലോസിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തിരുന്നു. നിലവിലുള്ള മൂന്ന് ഒഴിവുകളിലും ട്രസ്റ്റിനു കീഴിൽതന്നെ അധ്യാപക നിയമനങ്ങൾ നടത്തിയതിനു ശേഷം സ്കൂൾ സർക്കാരിന് വിട്ടുകൊടുക്കാനാണ് പാർട്ടി തലത്തിലുള്ള ധാരണ.