രോഗത്തേക്കാൾ കഠിനം ഈ കാത്തിരിപ്പ്
1430084
Wednesday, June 19, 2024 1:51 AM IST
രാജപുരം: പനി പിടിച്ചാൽ സ്വയംചികിത്സ അരുത്, ഡോക്ടറെ കാണണം എന്നൊക്കെ ആരോഗ്യവകുപ്പ് അധികൃതർ നിരന്തരം പറയാറുണ്ട്. എന്നാൽ, മലയോരജനതയ്ക്ക് ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി പോകണമെങ്കിൽ, രോഗത്തിന്റെ ബുദ്ധിമുട്ടും സഹിച്ച് ഒരു ദിവസം മുഴുവൻ കാത്തിരുന്നാലും നടക്കണമെന്നില്ല.
മഴ തുടങ്ങി പനിക്കാലം കൂടി ആരംഭിച്ചതോടെ പൂടംകല്ല് താലൂക്ക് ആശുപത്രി, പാണത്തൂർ കുടുംബാരോഗ്യകേന്ദ്രം തുടങ്ങിയ ആരോഗ്യകേന്ദ്രങ്ങൾ പലപ്പോഴും ഡോക്ടർമാർ ഇല്ലാതെ രോഗികൾ വലയുകയാണ്. പാണത്തൂർ കുടുംബാരോഗ്യകേന്ദ്രം ഇന്നലെ മൂന്നു ഡോക്ടർമാർ വേണ്ടിടത്ത് ഒരു ഡോക്ടർ മാത്രമാണ് ഉണ്ടായത്.
ഇതുമൂലം പനി ബാധിച്ച് അവശനിലയിലായവർ അടക്കം നൂറുകണക്കിന് രോഗികൾ ബുദ്ധിമുട്ടിലായി. ഇതിൽ അത്യാഹിത വിഭാഗത്തിൽ കിടക്കുന്നവരുമുണ്ട്. പാണത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ഫാർമസി വൈകുന്നേരം 5.30ഓടെ അടച്ചുപോകുന്നതായും പരാതിയുണ്ട്.
ഇതുമൂലം ഡോക്ടർ മരുന്ന് കുറിച്ചുകൊടുത്ത രോഗികൾക്ക് പോലും മരുന്ന് വാങ്ങാൻ കഴിയാറില്ല. ദിവസം കൂടുംതോറും പനി ബാധിതരുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നു. ഈ സമയത്ത് ഇത്തരത്തിൽ ആരോഗ്യവകുപ്പ് കാണിക്കുന്ന അനാസ്ഥ താങ്ങാവുന്നതിലും അപ്പുറമാണ്.