ഗഫൂര്‍ ഹാജിയുടെ ദുരൂഹമരണം: അന്വേഷണം ക്രൈംബ്രാഞ്ച് സ്പെഷല്‍ ടീമിനെ ഏല്പിക്കണമെന്ന്
1429698
Sunday, June 16, 2024 7:03 AM IST
കാസര്‍ഗോഡ്: പള്ളിക്കര പൂച്ചക്കാട്ടെ പ്രവാസി വ്യാപാരി എം.സി.അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് പകരം സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ സ്പെഷല്‍ ടീമിനെ ഏല്‍പ്പിക്കണമെന്ന് ആക്ഷൻകമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
2023 ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് ഗഫൂര്‍ ഹാജിയെ ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 14 മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. മരണസമയത്ത് ഇദ്ദേഹത്തോടൊപ്പം വീട്ടില്‍ താമസമുണ്ടായിരുന്ന ഭാര്യയും മക്കളും മകന്റെ ഭാര്യയും ബന്ധു വീട്ടിലായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് 2023 ഏപ്രില്‍ 28നു നാട്ടുകാര്‍ കര്‍മസമിതി രൂപീകരിച്ചു. ഗഫൂര്‍ ഹാജിയുടെ വീട്ടില്‍ നിന്നും 12 ബന്ധുക്കളില്‍ നിന്നും സ്വരൂപിച്ച 596 പവന് സ്വര്‍ണാഭരണം നഷ്ടപ്പെട്ടിരുന്നു. സമ്പന്നനായ ഗഫൂര്‍ ഹാജി എന്തിന് ബന്ധുക്കളില്‍ നിന്നും ഇത്രയും സ്വര്‍ണം സ്വരൂപിച്ചു എന്നുള്ളത് ആശങ്കയുളവാക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് ഈ വീടുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന ഒരു സ്ത്രീയെയും അവരുടെ സുഹൃത്തിനെയും സംശയിച്ച് മരണപ്പെട്ട ഗഫൂര്‍ ഹാജിയുടെ മകന് അഹമ്മദ് മുസമില്‍ ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൂച്ചക്കാട് ജുമാ മസ്ജിദില്‍ ഖബറടക്കിയ മൃതദേഹം കാഞ്ഞങ്ങാട് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യകയുണ്ടായി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം തലയ്ക്ക് പറ്റിയ ക്ഷതമെന്ന് രേഖപ്പെടുത്തുകയും കൂടുതല്‍ പരിശോധനയ്ക്കായി ആന്തരികാവയവം രാസപരിശോധനയ്ക്ക് വിടുകയുമായിരുന്നു. മരണപ്പെട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും സംശയിക്കുന്നവരെ പല തവണ ചോദ്യം ചെയ്തുവെന്നല്ലാതെ സാഹചര്യ തെളിവുകള്‍ നല്‍കിയിട്ടും പ്രതികളാക്കാന്‍ എന്തുകൊണ്ട് സാധിച്ചില്ല എന്നതില്‍ ആക്ഷന്‍ കമ്മിറ്റി സംശയിക്കുന്നു.
ആക്ഷന്‍ കമ്മിറ്റി നിരവധി ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചു. 10,000 ഒപ്പുകള്‍ ശേഖരിച്ച് മുഖ്യമന്ത്രിക്ക് നേരിട്ട് നല്കി. ബേക്കല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ ബഹുജന ധര്‍ണ നടത്തി.
ഏറ്റവുമൊടുവില്‍ 500 ലധികം സ്ത്രീകളുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ അമ്മമാരുടെ കണ്ണീര് സമരം നടത്തി. ജില്ലയിലെത്തിയ മുഖ്യമന്ത്രിയെ രണ്ടു തവണ നേരിട്ട് കണ്ടു.ഡിജിപിയെയും ജില്ലയിലെ ജനപ്രതിനിധികളെയും കണ്ടു. പക്ഷേ പ്രതികള്‍ എന്ന് സംശയിക്കുന്നവര്‍ നാട്ടില്‍ ഞെളിഞ്ഞു നടക്കുകയാണ്.
മികച്ച അന്വേഷണ ഉദ്യോഗസ്ഥനെന്ന് പേരെടുത്ത ബേക്കല്‍ ഡിവൈഎസ്പിയായിരുന്ന സി.കെ. സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ഈ അന്വേഷണം നിലച്ചുപോയിരിക്കുകയാണ്. വീണ്ടും മുഖ്യമന്ത്രിയെ കണ്ടതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ അന്വേഷണ ചുമതല ഏല്‍പ്പിച്ച വിവരം സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്നും കത്ത് മുഖേന അറിഞ്ഞു.
ജില്ലാ ക്രൈംബ്രാഞ്ചിന് പകരം സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ സ്പെഷല്‍ ടീമിനെ നിയോഗിച്ചാല്‍ പ്രതികളെ കണ്ടെത്താന്‍ കഴിയുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ചെയര്മാന് ഹസൈനാര്‍ ആമു ഹാജി, കണ്‍വീനര്‍ സുകുമാരന്‍ പൂച്ചക്കാട്, കമ്മിറ്റി അംഗങ്ങളായ എം.എ. ലത്തീഫ്, കപ്പണ അബൂബക്കര്‍, ബി.കെ.ബഷീര്‍, ഗഫൂര്‍ ഹാജിയുടെ സഹോദരന് എം.സി.ഉസ്മാന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.