വിദ്യാര്‍ഥികളുടെ പഴയ സൗജന്യ യാത്രാപാസ് 30 വരെ ഉപയോഗിക്കാം
1429692
Sunday, June 16, 2024 7:03 AM IST
കാസര്‍ഗോഡ്: വിദ്യാര്‍ഥികളുടെ കയ്യിലുള്ള പഴയ യാത്രാ പാസുകള്‍ 30 വരെ ഉപയോഗിക്കാമെന്ന് എഡിഎം കെ.വി.ശ്രുതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി യോഗം അറിയിച്ചു. കെഎസ്ആര്‍ടിസി യാത്രാ പാസുകള്‍ക്കായി അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക് പാസ് ലഭിക്കുന്നില്ലെന്ന പരാതി ഉടനെ പരിഹരിക്കുമെന്ന് യോഗം അറിയിച്ചു. യാത്രാ പാസുകളില്‍ കൃത്രിമത്വം കാണിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും.
അത്തരം പാസുകള്‍ റദ്ദ് ചെയ്യും. ട്രിപ്പ് കട്ട് ചെയ്യുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. റഗുലര്‍ കോഴ്സുകള്‍ക്ക് മാത്രമേ പാസ് അനുവദിക്കുകയുള്ളൂ. വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ പാസിന്റെ അപേക്ഷ രണ്ടു കോപ്പി വീതം ആർ.ടി ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. സ്കൂള്‍ ബസുകള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറി. വിദ്യാര്‍ഥികളും ബസ് ഉടമകളും തമ്മില്‍ സൗഹൃദപരമായി മുന്നോട്ട് പോകണമെന്ന് യോഗം നിര്‍ദേശിച്ചു.
എഡിഎമിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ബസ് ഉടമ സംഘം പ്രതിനിധികളായ സി.എ.മുഹമ്മദ്കുഞ്ഞി, ലക്ഷ്മണന്, സത്യൻ പൂച്ചക്കട്, എ.വി.പ്രദീപ് കുമാര്‍, കെ.വി.രവി, വിദ്യാര്‍ഥി പ്രതിനിധികളായ സയ്യിദ് താഹ, ഇമ്മാനുവല്‍, എ. പ്രമേശ, വിദ്യാഭ്യാസ വകുപ്പ് എഎ എ.അജിത, ഗവ.പോളി ടെക്നിക് പ്രിന്‍സിപ്പല്‍ പി. നാരായണ നായ്ക്, ഡിസിആര്‍ബി എസ്ഐ എന്‍.കെ.ദിനേശ്, ട്രാഫിക് എസ്ഐ മുഹമ്മദ് ഹാരിസ്, കെഎസ്ആര്‍ടിസി പ്രതിനിധി ആര്.രാജു, ആര്‍ടിഒ സീനിയര്‍ സൂപ്രണ്ട് വി.വിനോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.