സിപിഎമ്മിന് സംഭവിച്ചത് പ്രത്യയശാസ്ത്രപരമായ നയവ്യതിയാനം: ഉണ്ണിത്താന്
1429382
Saturday, June 15, 2024 1:32 AM IST
കാഞ്ഞങ്ങാട്: സിപിഎമ്മുകാര്‍ ഒരിക്കലും വര്‍ഗീയതയുമായി സന്ധി ചെയ്യില്ലെന്നാണ് താന്‍ കരുതിയിരുന്നതെന്നും എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ കടുത്ത സിപിഎം അനുഭാവികള്‍ പോലും ബിജെപിക്ക് വോട്ട് ചെയ്തത് കേവലമൊരു വോട്ടിംഗ് ഷിഫ്റ്റ് അല്ലെന്നും പ്രത്യയശാസ്ത്രപരമായ നയവ്യതിയാനമാണ് അവിടെ നടന്നതെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എംപി. കാഞ്ഞങ്ങാട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ഇത്തവണ കേരളത്തിലെ 10 നിയോജകമണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനവും 19 ഇടത്ത് രണ്ടാംസ്ഥാനത്തും എത്തി. സിപിഎമ്മിന്റെ വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. ബിജെപിയിലേക്കു പോയ സിപിഎം വോട്ടുകള്‍ തിരിച്ചുകിട്ടുക എളുപ്പമല്ല. നരേന്ദ്ര മോദിക്കു പകരം രാഹുല്‍ ഗാന്ധിയെ മുഖ്യശത്രുവായി പ്രതിഷ്ഠിച്ച് ബിജെപിയെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ചത്. സിപിഎമ്മിലെ പുത്തന്‍കൂറ്റുകാരനായ ഒരു എംഎല്‍എ രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തെ തിരുത്തേണ്ടതിനു പകരം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പിണറായി സ്വീകരിച്ചത്. മൂന്നു മാസം മുമ്പ് നിശ്ചയിച്ച കൊല്‍ക്കത്തയിലെ ജ്യോതി ബസു സ്മാരകത്തിന്റെ ശിലാസ്ഥാപനചടങ്ങില്‍ പങ്കെടുക്കേണ്ടത് റദ്ദാക്കി സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പോവുകയായിരുന്നു.
പ
്രധാനമന്ത്രിയെ സ്വീകരിക്കേണ്ട ഉത്തരവാദിത്വം നേരത്തേ മന്ത്രി പി.രാജീവിനെ ഏല്പിച്ചതാണെങ്കിലും അവസാനനിമിഷം പിണറായി തന്നെ ഇതേറ്റെടുക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഇങ്ങനെയൊരു കൂടിക്കാഴ്ച വോട്ടര്‍മാര്‍ക്ക് നല്കുന്ന സന്ദേശമെന്താണ്? മറ്റു സംസ്ഥാനങ്ങളിലെ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ ഇന്ത്യ മുന്നണിക്കായി സജീവമായി പ്രചാരണത്തിനിറങ്ങിയപ്പോള്‍ നമ്മുടെ മുഖ്യമന്ത്രി കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞതും കുടുംബാംഗങ്ങള്‍ക്കൊപ്പം വിദേശയാത്ര പോവുകയാണ് ചെയ്തത്.
ഭരണഘടനമൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത്. പ്രതിപക്ഷം അവരുടെ ശക്തി തെളിയിച്ചു. ദുര്‍ബലമായ ഭരണപക്ഷവും ശക്തമായ പ്രതിപക്ഷവുമാണ് പാര്‍ലമെന്റിലുള്ളത്. കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങളില്‍ തനിക്ക് ലഭിക്കുന്ന സ്നേഹമാണ് ഭൂരിപക്ഷം ഒരുലക്ഷം കവിയുമെന്ന് പറയാനുള്ള ആത്മവിശ്വാസം തനിക്കു നൽകിയതെന്നും അതു ശരിയാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചെന്നും ഉണ്ണിത്താന് പറഞ്ഞു.