പച്ചക്കറി വില മുകളിലോട്ട്; നേന്ത്രക്കായ മാത്രം കീഴ്പ്പോട്ട്
1429164
Friday, June 14, 2024 2:01 AM IST
കാസർഗോഡ്: മഴക്കാലം തുടങ്ങിയതോടെ പച്ചക്കറികളുടെ വില വീണ്ടും ഉയരുന്നു. ട്രോളിംഗ് നിരോധനകാലമായതോടെ മീനിനും തൊട്ടാൽ പൊള്ളുന്ന വിലയായി. അതേസമയം ജില്ലയുടെ വാഴത്തോട്ടമായ മടിക്കൈയിൽ വിളവെടുപ്പുകാലമായതോടെ നേന്ത്രക്കായയുടെ വില കുത്തനെ ഇടിഞ്ഞു.
തമിഴ്നാട്ടിൽ നിന്നുള്ള നേന്ത്രക്കായയുടെ വരവ് കൂടിയതാണ് വില കുറയാൻ കാരണമായി വ്യാപാരികൾ പറയുന്നത്. ഏത് ഉത്പന്നത്തിന്റെ കാര്യമായാലും ഇവിടെ വിളവെടുപ്പ് തുടങ്ങുമ്പോൾ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരവ് കൂടുകയും വില കുറയുകയും ചെയ്യുന്ന സ്ഥിതിവിശേഷം പതിവിൻപടി തുടരുകയാണ്.
വിളവെടുപ്പ് തുടങ്ങുമ്പോൾ നേന്ത്രക്കായ കിലോയ്ക്ക് 50 രൂപ വരെ കർഷകർക്ക് ലഭിച്ചിരുന്നത് ഇപ്പോൾ 45 രൂപയിലും താഴെയായി. നല്ല മുഴുപ്പില്ലാത്ത കുലകളെല്ലാം സെക്കൻഡ് എന്നു പേരിട്ട് മാറ്റിവച്ച് കിലോയ്ക്ക് 38 രൂപ മാത്രമാണ് നല്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായിട്ടാണ് തമിഴ്നാട്ടിൽനിന്ന് നേന്ത്രക്കായയുടെ വരവ് കൂടിയതെന്ന് വ്യാപാരികൾ പറയുന്നു. ഇതോടെ പൊതുവിപണിയിൽ നേന്ത്രപ്പഴത്തിന്റെ വില 60 രൂപയ്ക്കടുത്തായി. പച്ചക്കായയുടെ വില അതിലും താഴെയാണ്.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഉത്പാദനക്കുറവും കൃഷിനാശവും വർധിച്ചുവരുന്ന ഉത്പാദനച്ചെലവുകളും മൂലം നേന്ത്രവാഴ കൃഷി തന്നെ പ്രതിസന്ധിയിലായി നില്ക്കുമ്പോഴാണ് വിളവെടുപ്പുകാലത്ത് മാത്രം വില കുറയ്ക്കുന്ന ചതിയും കർഷകരോട് ചെയ്യുന്നത്.
അതേസമയം തമിഴ്നാട്ടിൽ നിന്നു തന്നെ എത്തുന്ന ഉരുളക്കിഴങ്ങിനും സവാളയ്ക്കും തക്കാളിക്കുമെല്ലാം വീണ്ടും 40 രൂപയ്ക്ക് മുകളിലാണ് വില. നേന്ത്രക്കായയുടെ വില കുറഞ്ഞതുകൊണ്ട് എരിശേരി വയ്ക്കാമെന്നു വച്ചാൽ ചേന കിലോയ്ക്ക് 100 രൂപയായി.
കാരറ്റും ബീറ്റ്റൂട്ടുമൊക്കെ 80 രൂപയ്ക്കടുത്തെത്തി. പച്ചമുളക് 140, ഇഞ്ചി 220, ചെറിയ ഉള്ളി 80, വെണ്ടയും വഴുതനയും 60, മുരിങ്ങ 120, ബീൻസ് 170, കാബേജ് 50 എന്നിങ്ങനെയാണ് വില.
വിഷുക്കാലത്ത് നാടൻ വെള്ളരി സുലഭമായിരുന്നപ്പോൾ കിലോയ്ക്ക് 20 രൂപ വരെയായിരുന്ന വെള്ളരിക്ക് ഇപ്പോൾ 50 രൂപയായി.