കാറഡുക്ക സഹകരണസംഘം തട്ടിപ്പ്: 155 പവന് കണ്ടെടുത്തു
1424734
Saturday, May 25, 2024 1:32 AM IST
കാസര്‍ഗോഡ്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് സഹകരണസംഘത്തില്‍ നിന്നു സെക്രട്ടറി കടത്തിക്കൊണ്ടുപോയി പണയംവച്ച സ്വര്‍ണത്തില്‍ 155 പവന് കസ്റ്റഡിയിലെടുത്തു. കേരള ബാങ്കിന്റെ പെരിയ, പള്ളിക്കര ശാഖകളില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന മൂന്നു പ്രതികളെ കോടതി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു.
പള്ളിക്കര പഞ്ചായത്ത് അംഗമായ ബേക്കല്‍ മൗവ്വലിലെ സ്വദേശി കെ.അഹമ്മദ് ബഷീര്‍ (60), അഹമ്മദ് ബഷീറിന്റെ ഡ്രൈവര്‍ അമ്പലത്തറ പറക്കളായിയിലെ എ.അബ്ദുള്‍ ഗഫൂര്‍ (26), കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ എ.അനില്‍കുമാര്‍(36) എന്നിവരെയാണ് കാസര്‍ഗോഡ് ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്ത ശേഷം ആദ്യത്തെ തെളിവെടുപ്പിനായി കേരള ബാങ്കിന്റെ കാഞ്ഞങ്ങാട്, പെരിയ ശാഖകളിലേക്ക് കൊണ്ടുപോവുകയായിരുന്നു. കേസിലെ മുഖ്യപ്രതിയും സഹകരണസംഘം സെക്രട്ടറിയുമായ കര്‍മന്തൊടി കെ.രതീശന് തട്ടിയെടുത്ത് മറ്റു പ്രതികളുടെ സഹായത്തോടെ കേരള ബാങ്ക് കാഞ്ഞങ്ങാട്, പെരിയ ശാഖകളില്‍ നിന്ന് 65 ലക്ഷം രൂപ വായ്പയെടുത്ത 155 പവന് സ്വര്‍ണമാണ് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത്. കാനറ ബാങ്കിന്റെ പള്ളിക്കര ശാഖയില്‍ സ്വര്‍ണം പണയംവച്ചതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സ്വര്‍ണം ഇന്നു കണ്ടെടുക്കും.
രതീശന് കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിന്ന് 1.12 കോടി രൂപയുടെ പണയസ്വര്‍ണം കടത്തിക്കൊണ്ടുപോയെന്നാണ് ഭരണസമിതി നല്കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ ഈ സ്വര്‍ണം പണയം വെച്ച് 1,22,86,000 രൂപയാണ് പ്രതികള്‍ വിവിധ ബാങ്കുകളില്‍ നിന്നായി എടുത്തതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ അനില്‍കുമാറിന്റെ ബന്ധുവിന്റെ പേരിലും എട്ടു ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വര്‍ണം പണയപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണം പണയംവച്ച് ലഭിച്ച മുഴുവന്‍ തുകയും രതീശന് നല്‍കിയെന്നാണ് ചോദ്യം ചെയ്യലില്‍ പ്രതികള്‍ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയത്.
മേയ് ഒമ്പതിനാണ് രതീഷ് സഹകരണസംഘത്തിന്റെ ലോക്കര്‍ തുറന്ന് പണയസ്വര്‍ണം കടത്തിക്കൊണ്ടുപോയത്. അറസ്റ്റിലായ മൂന്ന് പ്രതികളുടെ പേരില്‍ വിവിധ ബാങ്കുകളില്‍ സ്വര്‍ണം പണയംവച്ച് പണമെടുക്കുകയായിരുന്നു. രതീശനും തട്ടിപ്പിന്റെ പ്രധാന സൂത്രധാരനായ കണ്ണൂര്‍ താണയിലെ ജബ്ബാറും ഇപ്പോഴും ഒളിവില്‍ തന്നെയാണ്.
സഹകരണവകുപ്പിന്റെ പരിശോധനയില്‍ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് രതീശനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനിടയിലാണ് രതീഷ് സഹകരണസംഘം ഓഫീസിലെത്തി സ്വര്‍ണം കടത്തിക്കൊണ്ടുപോയത്. സഹകരണസംഘത്തില്‍ 4.76 കോടി രൂപയുടെ തട്ടിപ്പാണ് രതീശന് നടത്തിയത്.