കമ്പനി പൂട്ടി, കുന്നുകൂടി മാലിന്യങ്ങള്‍
1424535
Friday, May 24, 2024 1:27 AM IST
കാഞ്ഞങ്ങാട്: മടിക്കൈ പഞ്ചായത്ത് ആറാം വാര്‍ഡിലെ കോതോട്ട് മോളവിനടുക്കം പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ പ്ലാസ്റ്റിക് റീസൈക്ലിംഗ് കമ്പനിയില്‍ കെട്ടിക്കിടക്കുന്ന ലോഡ് കണക്കിന് അജൈവ മാലിന്യങ്ങള്‍ പ്രദേശവാസികള്‍ക്ക് ഭീഷണിയായി തുടരുന്നു.
പ്ലാസ്റ്റിക്, മെഡിക്കല്‍, കെമിക്കല്‍ മാലിന്യങ്ങള്‍ ഉള്‍പ്പെടെ കുന്നുകൂട്ടിയിരിക്കുന്നത് ഉയര്‍ന്നു കിടക്കുന്ന പ്രദേശത്താണ്. ഇതുമൂലം പ്രദേശത്തെ മുഴുവന്‍ കുടിവെള്ള സ്രോതസിലേക്കും വന്‍തോതില്‍ മലിനജലം ഒഴുകി എത്തുന്നു.
ചുറ്റുപാടുമുള്ള കിണറുകളിലെ വെള്ളത്തില്‍ കലരുന്നതോടുകൂടി പകര്‍ച്ചവ്യാധി ഭീഷണി കൂടി വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പ്രദേശത്തെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മാസങ്ങളുടെ സമരത്തിനൊടുവില്‍ പഞ്ചായത്ത് കമ്പനിയ്ക്ക് സ്റ്റോപ്പ് മെമോ നല്‍കുകയും മേയ് മാസാവസാനത്തോട് കൂടി മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്യാനും നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
പക്ഷെ കമ്പനി ഉടമകള്‍ യാര്‍ഡിന്റെ ഗേറ്റ് പൂട്ടി കടന്നുകളയുകയായിരുന്നു. കൂട്ടായ്മ ഭാരവാഹികള്‍ പഞ്ചായത്ത് അധികൃതരെ നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
മടിക്കൈ പഞ്ചായത്ത് ആരോഗ്യ പ്രവര്‍ത്തകരെയും ജില്ല ശുചിത്വ മിഷന് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ജില്ലയില്‍ മടിക്കൈ ഉള്‍പ്പെടെ മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുന്ന സാഹചര്യം നിലനില്ക്കുമ്പോള് കമ്പനി നാട്ടുകാര്‍ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് പുറംപ്രദേശത്ത് കൂട്ടിയിരിക്കുന്നവ യാര്‍ഡിലെ ഷെഡിലേക്ക് മാറ്റുകയാണെങ്കിൽ പ്രശ്നത്തിന് താത്കാലിക പരിഹാരമാകുമെന്നും കൂട്ടായ്മ ഭാരവാഹികള്‍ അധികൃതരെ അറിയിച്ചു.
നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കൂട്ടായ്മ പ്രവര്‍ത്തകര്‍ പറഞ്ഞു.