കാര്‍ഷിക കോളജില്‍ പൈതൃക മ്യൂസിയം തുറന്നു
1424533
Friday, May 24, 2024 1:27 AM IST
പടന്നക്കാട്: കാര്‍ഷിക കോളജില്‍ പൈതൃക മ്യൂസിയം സബ്കളക്ടര്‍ സൂഫിയാന് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പത്മശ്രീ പുരസ്ക്കാര ജേതാക്കളായ സത്യനാരായണ ബെളേരി, ഇ.പി.നാരായണന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഡീന്‍ ഡോ. ടി.സജിതാറാണി അധ്യക്ഷതവഹിച്ചു.
ജനറല്‍ കൗണ്‍സില്‍ അംഗം എസ്.സമ്പ്ത്, നാളികേര മിഷന് അസോസിയേറ്റ് ഡയറക്ടര്‍ ഡോ.ആര്.സുജാത, കാര്‍ഷിക എന്‍ജിനിയറിംഗ് വിഭാഗം മേധാവി പ്രഫ.ഡോ.പി.കെ.മിനി എന്നിവര്‍ സംസാരിച്ചു.
ഡോ.കെ.എം. ശ്രീകുമാര്‍ സ്വാഗതവും അസി.പ്രഫസര്‍ ഡോ.പി.വി.വൈജയന്തി നന്ദിയും പറഞ്ഞു.
കേരള കാര്‍ഷിക സര്‍വകലാശാലക്ക് കീഴിലെ പടന്നക്കാട് കാര്‍ഷിക കോളജിലെ പഴയ ഫാം ഓഫീസ് കെട്ടിടത്തിലാണ് കേരളത്തിന്റെ കാര്‍ഷിക സംസ്കാരത്തിന്റെ അടയാളപ്പെടുത്തലായി പൈതൃക മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
പത്തായം, ബ്രിട്ടീഷ് ലോക്കര്‍, മന്ത്, ഉരല് ഉലക്ക, ഉവ്വേണി, കലയ, കയില്, തുമ്പോട്ടി, മുത്താറി കല്ല്, ഇടനാഴി, പറ, നിലംതല്ലി, കലപ്പ, നുകം, കൃഷിയിലെ നിര്‍മിതബുദ്ധിയുടെ പ്രയോഗം,നാളികേര വിഭവങ്ങള്‍ എന്നിവയൊക്കെ പൈതൃക മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്.
മറഞ്ഞു പോയിക്കൊണ്ടിരിക്കുന്ന നമ്മുടെ പഴയ കൃഷി സമ്പ്രദായങ്ങളും അതിനൊപ്പം തന്നെ കാര്‍ഷിക മേഖലയിലെ പുത്തന്‍ ആശയങ്ങളും കോര്‍ത്തിണക്കിയാണ് പൈതൃക മ്യൂസിയം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നത്.