ഹാപ്പി ബര്‍ത്ത്ഡേ കാസര്‍ഗോഡ്
1424531
Friday, May 24, 2024 1:27 AM IST
കാസര്‍ഗോഡ്: 1984 മെയ് 24ന് രൂപീകൃതമായ കാസര്‍കോട് ജില്ലയ്ക്ക് ഇന്നു 40 വയസ്. പശ്ചിമഘട്ട മലനിരകള്‍ക്കും അറബിക്കടലിനുമിടയില്‍ കര്‍ണാടകയോടു തൊട്ടുരുമ്മി നില്ക്കുന്ന കേരളത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന 14-ാമത്തെ ജില്ലയാണ് കാസര്‍ഗോഡ്.
ഏകദേശം 90 കിലോമീറ്ററോളം നീണ്ടു കിടക്കുന്ന കടല്‍ത്തീരം. കിഴക്കന്‍ മലയോരങ്ങളില്‍ നിന്നുത്ഭവിക്കുന്ന ചെറുതും വലുതുമായ നിരവധി നദികള്‍, ഒന്‍പത് കോട്ടകള്‍. ഭൂപ്രകൃതിയനുസരിച്ച് കാസര്‍ഗോഡിനെ മലനാട്, ഇടനാട്, കടലോരം എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. ഈ സ്വാഭാവിക വിഭജനമാണ് കാസര്‍ഗോഡിന്റെ കാര്‍ഷിക രീതിയും അധിവാസ മാതൃകയും രൂപപ്പെടുത്തിയത്.
പുഴകളും അരുവികളും കുളങ്ങളുമെല്ലാം ചേര്‍ന്ന് സുലഭമായ വെള്ളവും മണ്ണിന്റെ വൈവിധ്യമാര്‍ന്ന പ്രകൃതിയും ചേര്‍ന്നാണ് വിവിധങ്ങളായ വിളകള്‍ ഈ നാട്ടില്‍ ഉയര്‍ന്നു വന്നത്. നെല്‍കൃഷി, തെങ്ങ്, കവുങ്ങ്, കപ്പ കശുവണ്ടി, വാഴ, റബ്ബര്‍ തുടങ്ങി വിളകള്‍ ഏറെ. തുളു മാതൃഭാഷയായി സംസാരിക്കുന്ന ജനതയുടെ നാട് തുളുനാട്. മലയാള നാടിനും കന്നട നാടിനുമിടയില്‍ സ്ഥിതിചെയ്യുന്നു തുളുനാട്. കാസര്‍ഗോഡ് ബഹുഭാഷാ പ്രദേശമാണ്. തുളു, മലയാളം, കന്നട, കൊങ്കണി, ബ്യാരി, മറാഠി, ഹിന്ദുസ്ഥാനി, കൊടവ തുടങ്ങിയ ഭാഷകള്‍ ഇവിടെ ഏറിയും കുറഞ്ഞും പ്രചാരത്തിലുണ്ട്. തുളുവിന്റെ എത്ര വകഭേദങ്ങള്‍! തുളുനാടിന്റെ ഭാഷ തുളു. ഇവിടേയ്ക്ക് കടന്നുവന്ന ജനവിഭാഗങ്ങള്‍ നിരവധി. അവര്‍ കൊണ്ടുവന്ന ഭാഷയും ശൈലിയും അനേകം. അവയൊക്കെ കാസര്‍ഗോഡിന്റെ വ്യവഹാര ഭാഷയുടെ ഭാഗമായി മാറി.
തോറ്റം പാട്ടുകളും തുളുപാഡ്ദണകളും കാസര്‍ഗോഡിന്റെ പൗരാണിക ചരിത്രത്തെക്കുറിച്ച് മനോഹരമായ ചിത്രങ്ങളാണ് മുന്നോട്ട് വെക്കുന്നത്. കാസര്‍ഗോഡിന്റെ വടക്കന്‍ ഭാഗങ്ങളില്‍ പ്രചാരത്തിലുള്ള പാഡ്ദണകള്‍ നാടന്‍ പാട്ടുകളാണ്.
വയലേലകളിലും ആഘോഷവേളകളിലും പാടുന്നതാണ് പാഡ്ദണകള്‍. ഒപ്പം തെയ്യങ്ങളുടെ തോറ്റവുമാണ് അത്. കാര്‍ഷിക സമൂഹം, ജീവിതം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങി പലതും പാഡ്ദണകള്ക്ക് വിഷയമാകുന്നു.
മാവിലരുടെ മംഗലംപാട്ടും പൂരക്കളിപ്പാട്ടും, കോല്‍ക്കളി പാട്ടും ഇവിടെ നിലവിലുണ്ടായിരുന്ന കാര്‍ഷിക സംസ്കാരത്തിന്റെ ചിത്രം വരച്ചുകാട്ടുന്നു. യക്ഷഗാനത്തിന്റെ ഈറ്റില്ലം. ഇവ കൂടാതെ നാട്ടിലാകെ പ്രചാരത്തിലുള്ള പാട്ടുകളും ചൊല്ലുകളും കഥകളും കാസര്‍ഗോഡിന്റെ ആധുനിക പൂര്‍വചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു.
നാല്പതിന്റെ തഴക്കം ഓരോ മേഖലയിലും
നാലു താലൂക്കുകളും ആറുബ്ലോക്ക് പഞ്ചായത്തുകളും മൂന്നു നഗരസഭകളും 38 പഞ്ചായത്തുകളുമായി നിറഞ്ഞു നിവര്‍ന്ന് നില്‍ക്കുകയാണ് കാസര്‍ഗോഡ്. നാല്പതിന്റെ നിറവില്‍ കാസര്‍ഗോഡിന്റെ വളര്‍ച്ചയുടെ കാലമാണ് കടന്നുപോയത്. ഇനിയും കാത്തിരിക്കുന്ന സ്വപ്ന പദ്ധതികളും.
വിദ്യാഭ്യാസ മേഖലയില്‍ കേരള കേന്ദ്രസര്‍വകലാശാല പെരിയ, എല്ലാ നിയോജക മണ്ഡലങ്ങളിലും സര്‍ക്കാര്‍ കോളജുകള്‍, കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍, കാര്‍ഷിക കോളജ്, കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ കാമ്പസുകള്‍, മഞ്ചേശ്വരം ലോ കോളജ്, ടെക്നിക്കല്‍ സ്കൂളുകള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ തുടങ്ങി വലിയ മാറ്റമാണ് പ്രകടമായത്. കാസര്‍ഗോഡ് വികസന പാക്കേജ് ജില്ലയുടെ സമഗ്ര വികസനത്തിന് വേഗത കൂട്ടി.
മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ പാത ആറുവരിയായി നവീകരിക്കല്‍ തുടങ്ങിയവ കൂടി യാഥാര്‍ഥ്യമാകുന്നതോടെ ജില്ല വികസനത്തിന്റെ മറ്റൊരു തീരത്തെത്തും. റെയില്‍ പാത ഇരട്ടിപ്പിച്ചതും വൈദ്യുതീകരിച്ചതും വന്ദേ ഭാരത് പോലുള്ള അതിവേഗ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിച്ചതും ജില്ലയുടെ നേട്ടമാണ്.
ജില്ലയുടെ വിനോദ സഞ്ചാര മേഖലയില്‍ വലിയ പുരോഗതിയാണുണ്ടായത്. നാല്പതിലെത്തുമ്പോള് ബേക്കലിന്റെ പ്രൗഢിയും റാണിപുരത്തിന്റെ ഹരിതാഭയും അറബിക്കടലിന്റെയും കൗവ്വായി കായലിന്റെയും വശ്യതയും വിനോദ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നു
. ചലച്ചിത്ര നിര്‍മാതാക്കള്‍ക്ക് ഇഷ്ട ലൊക്കേഷനായി കാസര്‍ഗോഡിന്റെ വശ്യസൗന്ദര്യം മാറി.
ജില്ലാതല ഉദ്ഘാടനം ഇന്ന്
കാസര്‍ഗോഡ് ജില്ലയുടെ 40-ാം പിറന്നാള്‍ ദിനമായ ഇന്നു കളക്ടറേറ്റ് പരിസരത്ത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും വനം വകുപ്പും ജില്ലാ ഭരണ സംവിധാനവുമായി സഹകരിച്ച് 40 ഫലവൃക്ഷ തൈകള്‍ നടുന്നു.
കളക്ടറേറ്റിന് മുന്നില്‍ ജില്ലയുടെ തനത് വൃക്ഷമായ കാഞ്ഞിരമരം നട്ട് ജില്ലാ കളക്ടര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.