സ്കൂള്‍ വാഹന സുരക്ഷാപരിശോധന തുടങ്ങി
1424310
Thursday, May 23, 2024 12:44 AM IST
കാഞ്ഞങ്ങാട്:പുതിയ അധ്യയന വര്‍ഷത്തിന്റെ മുന്നോടിയായി സ്കൂള്‍ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു. കാഞ്ഞങ്ങാട് സബ് ആര്‍ടി ഓഫീസിന് പരിധിയിലുള്ള വാഹനങ്ങളാണ് ഇന്നലെ പരിശോധനക്കെത്തിയത്. 56 വാഹനങ്ങള്‍ പരിശോധനയ്ക്ക് ഹാജരായതില്‍ 22 വാഹനങ്ങള്‍ വിവിധ തകരാറുകള്‍ കാരണം തിരിച്ചുവിട്ടു.
ഹാന്‍ഡ് ബ്രേക്ക് തകരാറുകള്‍ ഉള്ള ആറു വാഹനങ്ങളും ജിപിഎസ് ടാഗ് ചെയ്യാത്തതും വിദ്യാവാഹനില്‍ രജിസ്റ്റര്‍ ചെയ്യാത്തവയുമായ എട്ടു വാഹനങ്ങളും ടയറുകള്‍ തേയ്മാനം സംഭവിച്ചതും സ്റ്റിയറിംഗ് തകരാറുള്ളതും പ്രൊപല്ലര്‍ ഷാഫ്റ്റ് ക്ലാമ്പ് ഘടിപ്പിക്കാത്തതും ലൈറ്റ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാത്തതും ആയ വാഹനങ്ങളാണ് തിരിച്ചുവിട്ടത്. ഇവ തകരാറുകള്‍ പരിഹരിച്ച് വീണ്ടും ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്കി. എംവിഐമാരായ എം.വിജയന്, കെ.വി.ജയന്, എഎംവിഐമാരായ വി.ജെ.സാജു, എം.ജി.സുധീഷ്, ഡ്രവര്ജയരാജ് എന്നിവര്‍ നേതൃത്വം നല്കി.
പരിശോധിക്കാന്‍ ബാക്കിയുള്ള വാഹനങ്ങള്‍ 25നു രാവിലെ ഒമ്പതിന് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹാജരാക്കണമെന്ന് ജോയിന്റ് ആര്‍ടിഒ കെ.ജി.സന്തോഷ്കുമാര്‍ അറിയിച്ചു.