ബിരിക്കുളം എയുപി സ്കൂളിലെ അധ്യാപക നിയമനങ്ങൾ തടയണമെന്ന് ആവശ്യം
1424306
Thursday, May 23, 2024 12:44 AM IST
പരപ്പ: സർക്കാർ ഏറ്റെടുക്കുന്ന കാര്യത്തിൽ നാലുമാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ട ബിരിക്കുളം എയുപി സ്കൂളിൽ നിലവിലുള്ള മാനേജ്മെന്റിനു കീഴിൽ അധ്യാപക നിയമനങ്ങൾ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി. പൊതുപ്രവർത്തകനായ ടി.വി.വിനയചന്ദ്രനാണ് പരാതി നല്‍കിയത്.
സ്കൂൾ പ്രവർത്തിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നേരത്തേ തർക്കങ്ങൾ നിലവിലുണ്ടായിരുന്നു. കെഇആർ മാനദണ്ഡങ്ങൾ പ്രകാരം സ്കൂൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഭൂമി മാനേജ്മെന്റിന്റെ പക്കലില്ലെന്ന് നേരത്തേ റവന്യൂ വകുപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നതു സംബന്ധിച്ച് നിലവിലുള്ള മാനേജ്മെന്റിനോടും ബന്ധപ്പെട്ട മറ്റുള്ളവരോടും ചർച്ച നടത്തി നാലുമാസത്തിനകം തീരുമാനമെടുക്കാൻ കഴിഞ്ഞ മാർച്ച് ആറിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ കാലാവധി കഴിയാൻ ഒന്നരമാസം മാത്രം ശേഷിക്കുമ്പോഴാണ് വൻതോതിൽ കോഴവാങ്ങിയുള്ള അഴിമതിക്ക് വഴിതുറക്കാവുന്ന വിധത്തിൽ മുഖ്യാധ്യാപക നിയമനവും മറ്റ് അധ്യാപക നിയമനങ്ങളും നടത്താൻ നീക്കം നടക്കുന്നതെന്ന് പരാതിയിൽ പറയുന്നു. വിദ്യാർഥികളുടെ സുഗമമായ പഠനം ഉറപ്പുവരുത്തുന്നതിനായി പി.എസ്.സി റാങ്ക് പട്ടികയിൽ നിന്നോ അധ്യാപക ബാങ്കിൽ നിന്നോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ ഈ വർഷം അധ്യാപക നിയമനങ്ങൾ നടത്താൻ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിരിക്കുളത്തെ സി.ഒ.സജിയാണ് 2014 ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഈ കേസിലാണ് കഴിഞ്ഞ മാർച്ച് ആറിന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഉത്തരവ് പുറപ്പെടുവിച്ചത്. സിപിഎം നിയന്ത്രണത്തിലുള്ള കിനാനൂർ സെക്കൻഡ് ഗ്രാമസേവാസംഘം എന്ന സംഘടനയുടെ ഉടമസ്ഥതയിലാണ് നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത്.
എന്നാൽ സ്കൂളുമായി ബന്ധപ്പെട്ട് ഇവരുടെ കൈവശമുള്ള 26 സെന്റ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കങ്ങളുണ്ടാവുകയും റവന്യൂവകുപ്പ് ഈ സ്ഥലത്തിന്റെ പോക്കുവരവ് റദ്ദാക്കുകയും ചെയ്തതിനെ തുടർന്നാണ് പ്രശ്നം ഹൈക്കോടതിയിലെത്തിയത്. ഇതിനിടയിൽ സ്കൂൾ കെട്ടിടത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് സമീപത്തെ സർക്കാർ ഭൂമി കൈയേറിയതായും പരാതിയുയർന്നിരുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ അവ്യക്തത നിലനില്ക്കുമ്പോള് നിലവിലുള്ള മാനേജ്മെന്റിനു കീഴില്‍ തന്നെ ഈ വര്‍ഷവും സ്കൂള്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയിട്ടുണ്ട്