പയ്യന്നൂരിലെ കവർച്ച: മോഷ്ടാക്കൾ കാണാത്തതിനാൽ 30 പവൻ നഷ്ടപ്പെട്ടില്ല
1424304
Thursday, May 23, 2024 12:44 AM IST
പയ്യന്നൂര്‍: വീട്ടുകാർ മുകൾനിലയിൽ ഉറങ്ങിക്കിടക്കുന്പോൾ താഴത്തെ നിലയിൽ കവർച്ച നടത്തിയ മോഷ്ടാക്കളുടെ കണ്ണിൽ പെടാത്തതിനാൽ വീട്ടുകാർക്ക് 30 പവൻ നഷ്ടമായില്ല. പെരുമ്പ കൃഷ്ണാ ട്രേഡേഴ്സിന് സമീപത്തെ റഫീഖ് മന്‍സിലില്‍ സുഹ്റയുടെ വീട്ടിൽ മോഷണം നടത്തിയവരുടെ കണ്ണെത്താത്തിനാലാണ് 30 പവൻ നഷ്ടപ്പെടാതിരുന്നത്. വീട് കുത്തിത്തുറന്ന് അകത്തു കടന്ന കവർച്ചക്കാർ അലമാരയിൽ സൂക്ഷിച്ചിരുന്ന 76 പവൻ സ്വര്‍ണാഭരണങ്ങളും നാലായിരം രൂപയും കവർന്നുവെന്നായിരുന്നു നേരത്തെ സുഹ്റയുടെ മകള്‍ സാജിത പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.
ഇതു സംബന്ധിച്ച് പോലീസ് അന്വേഷിക്കുന്നതിനിടെയാണ് 30 പവൻ മോഷ്ടാക്കളുടെ കണ്ണിൽ പെടാതെ അലമാരയിൽ വീട്ടുകാർ കണ്ടെത്തിയത്. വീട്ടിൽ ആകെയുള്ള സ്വർണത്തിൽനിന്ന് സുഹ്റയുടെ ഗള്‍ഫിലുള്ള മകള്‍ ഹസീന ഈ സ്വർണം വലിയ പഴ്സിലാക്കി അലമാരയുടെ അടിയിലെ ഡ്രോയിൽ മാറ്റി വച്ചതായിരുന്നു. സ്വർണം മാറ്റിവച്ചത് ഹസീന വീട്ടുകാരോട് പറഞ്ഞിരുന്നില്ല. കവർച്ചയക്ക് ശേഷം വീട്ടുകാർ നടത്തിയ പരിശോധയിൽ മാറ്റി വച്ച സ്വർണം കണ്ടെത്തിയതോടെ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു.
കവർച്ച നടത്തിയ വീട്ടിൽ വിരലടയാള വിദദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സമീപത്തെ സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചപ്പോൾ പുലർച്ചെ രണ്ടരയ്ക്കും നാലരയക്കുമിടയിൽ ഒരേ വ്യക്തി അഞ്ചു തവണ ഇതിലൂടെ ടോർച്ചടിച്ച് സഞ്ചരിച്ചതായി കണ്ടെത്തി. ഇവിടം മുതൽ പോലീസ് നായ മണം പിടിച്ച് ഓടി ഓട്ടം അവസാനിപ്പിച്ച ഇടം വരെയുള്ള സ്ഥലങ്ങളിലെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം.
കവർച്ചയ്ക്ക് പിന്നിൽ
അഞ്ചംഗ പ്രഫഷണൽ സംഘമെന്ന് സൂചന
മോഷണം നടത്തിയവരെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതായി പയ്യന്നൂര്‍ ഡിവൈഎസ്പി എ.ഉമേഷ്. അഞ്ചംഗ സംഘമാണ് കവർച്ചക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. പ്രൊഫഷണൽ മോഷണ സംഘമാണ് കവർച്ച നടത്തിയതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. മോഷണ മുതലുമായി ഇവര്‍ വാഹനത്തില്‍ രക്ഷപ്പെട്ടിരിക്കാനുള്ള സാധ്യത മുന്നില്‍കണ്ട് ദേശീയപാതയിലൂടെ കടന്നു പോയ വാഹനങ്ങളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ത്യേക സ്ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്നും ഡിവൈഎസ്പി പറഞ്ഞു.
കണ്ടോത്തെ മോഷണശ്രമം: കേസെടുത്തു
കണ്ടോത്ത് പൂട്ടിക്കിടന്ന വീട്ടില്‍ നടത്തിയ മോഷണ ശ്രമത്തിലും പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കാങ്കോല്‍ വെസ്റ്റ്കോസ്റ്റ് കമ്പനി ജീവനക്കാരന് കണ്ടോത്ത് കിഴക്കേകൊവ്വലിലെ പീടിയക്കല്‍ ഡൊമിനിക്ക് തോമസിന്റെ പരാതിയിലാണ് കേസെടുത്തത്. കുടുംബത്തോടൊപ്പം കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയത്തേക്ക് പോയ ഇവര്‍ ചൊവ്വാഴ്ച രാവിലെ തിരിച്ചത്തിയപ്പോഴാണ് വാതിലും കിടപ്പുമുറികളിലെ അലമാരകളും കുത്തിത്തുറന്ന് നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്.
പോലീസ് നിഷ്ക്രിയം:
കോണ്‍ഗ്രസ്
പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും കുറച്ചു മാസങ്ങളായി നിരവധി കവര്‍ച്ചകള്‍ ജനങ്ങളെ ഭീതിയിലാക്കുന്പോഴും പോലീസ് നിഷ്ക്രിയമാണെന്ന് പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ജയരാജ് ആരോപിച്ചു. കവർച്ചകൾ തുടരെത്തുടരെ നടക്കുന്പോഴും പ്രതികളെ പിടിക്കാന്‍ സാധിക്കാത്ത പയ്യന്നൂര്‍ പോലീസിന്റെ അലംഭാവം പ്രതിഷേധാര്‍ഹമാണ്. നൈറ്റ് പട്രോളിംഗ് ഉള്‍പ്പടെ ഊര്‍ജിതമാക്കി മോഷ്ടാക്കളഎ തടയാനും കാര്യക്ഷമമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാനും പോലീസ് തയാറാകണമെന്നും ജയരാജ് ആവശ്യപ്പെട്ടു.
പോലീസിന് അനങ്ങാപ്പാറ നയമെന്ന് ചേംബർ
മഴയെത്തും മുമ്പേ പയ്യന്നൂര്‍ ടൗണിലും പെരുമ്പയിലുംമോഷ്ടാക്കൾ താണ്ഡവമാടുകയാണെന്നും പോലീസ് നൈറ്റ് പട്രോളിംഗ് കൂടുതല്‍ ഊര്ജിതപ്പെടുത്തമെന്നും പയ്യന്നൂര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് ഭരണസമിതി യോഗം പോലിസ് അധികാരികളോടാവശ്യപെട്ടു. പയ്യന്നൂര്‍ ടൗണിലെ ഷോപില്‍ മൂന്നു തവണ ഒരേ കള്ളന് കയറിയ ദൃശ്യം സിസീടീവിയില് പതിഞ്ഞിട്ടും കള്ളനെ പിടിക്കാന്‍ കഴിയാത്തത് പോലീസിന്റെ അനങ്ങാപ്പാറ നയം മൂലമാണെന്നം ചേംബർ യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് കെ.യു. വിജയകുമാർ അധ്യക്ഷത വഹിച്ചു.