മൂല്യവർധനവില്ലാതെ ജില്ലയുടെ സ്വന്തം ഉത്പന്നം!
1424023
Tuesday, May 21, 2024 7:47 AM IST
കാസർഗോഡ്: കേന്ദ്രസർക്കാരിന്റെ ഒരു ജില്ല ഒരു ഉത്പന്നം പദ്ധതിയിൽ ജില്ലയുടെ ഉത്പന്നമായി ചക്കയ്ക്ക് അംഗീകാരം ലഭിച്ച് രണ്ടു വർഷമാകുന്നു. ജില്ലയിൽ മിക്ക സ്ഥലങ്ങളിലും സുലഭമായി ലഭിക്കുന്നു എന്നതിനാലാണ് ചക്കയെ ജില്ലയുടെ ഉത്പന്നമായി തെരഞ്ഞെടുത്തത്.
എന്നാൽ കാലാവസ്ഥാ വ്യതിയാനം മൂലം ഈ വർഷം ചക്കയുടെ ഉത്പാദനത്തിൽ ഗണ്യമായ കുറവുണ്ടായി. ഉത്പാദനത്തിൽ കാലതാമസവും ഉണ്ടായിട്ടുണ്ട്. ഇനി മഴ ശക്തിപ്രാപിച്ചുകഴിഞ്ഞാൽ ഉണ്ടായ ചക്കയെല്ലാം ഒരുമിച്ച് ചീഞ്ഞു നശിക്കുന്ന അവസ്ഥയാകും. അതിനുമുമ്പേ മൂല്യവർധിത ഉല്പന്നങ്ങളാക്കി വിപണിയിലെത്തിക്കാനുള്ള സാധ്യതകളാകട്ടെ, ഇപ്പോഴും പരിമിതമാണ്.
ജില്ലയുടെ ഉത്പന്നമായി പ്രഖ്യാപിച്ചുകഴിഞ്ഞാൽ അതിന്റെ വിപണനത്തിനും മൂല്യവർധിത ഉല്പന്നങ്ങളുടെ നിർമാണത്തിനും ജില്ലാ ഭരണകൂടവും ജില്ലാ വ്യവസായകേന്ദ്രവുമെല്ലാം മുൻകൈയെടുത്ത് പദ്ധതികൾ തയ്യാറാക്കുമെന്നായിരുന്നു പ്രതീക്ഷ.
ചക്കയുമായി ബന്ധപ്പെട്ട് ജില്ലയുടെ എല്ലാ ഭാഗങ്ങളിലും സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള പ്രോത്സാഹനവും പ്രത്യേക വായ്പാപദ്ധതികളും പരിശീലനവുമൊക്കെ നല്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷേ വിവിധയിടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ ചക്ക മഹോത്സവങ്ങൾ നടത്തിയതല്ലാതെ കാര്യമായ മറ്റു നടപടികളൊന്നും ഉണ്ടായില്ല. മറ്റു സംരംഭങ്ങൾക്കും ഉത്പന്നങ്ങൾക്കും ലഭിക്കുന്ന പരിഗണനയിൽ കൂടുതലായി ഒന്നും ചക്ക ഉത്പന്നങ്ങൾക്ക് ലഭിച്ചതുമില്ല. സീസണിൽ മാത്രം ലഭിക്കുന്നതുകൊണ്ടും പറിച്ചെടുക്കാനും സംസ്കരിക്കാനുമുള്ള ബുദ്ധിമുട്ടുകൾ കൊണ്ടും ചക്കയുമായി ബന്ധപ്പെട്ട സംരംഭങ്ങൾ തുടങ്ങാൻ അധികമാരും മുന്നോട്ടുവന്നതുമില്ല. ജില്ലയുടെ ഉത്പന്നമെന്ന പേരുമാത്രം ബാക്കിയായി.
അടുത്തകാലത്ത് ബദിയടുക്കയിലെ ഒരു കൂട്ടായ്മയുടെ നേതൃത്വത്തിൽ ചക്ക കൊണ്ട് 26 ഇനം ഭക്ഷ്യവിഭവങ്ങൾ ഒരുക്കിയിരുന്നു. ചക്ക പൗഡർ, ചിപ്സ്, ഐസ്ക്രീം, ജാം എന്നിവയ്ക്കൊപ്പം ഹലുവ, പപ്പടം, വട, ദോശ, റൊട്ടി, അച്ചാർ തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങൾ ഇതിൽ ഇടം പിടിച്ചിരുന്നു.
എന്നാൽ ഇത്തരം സംരംഭങ്ങൾക്ക് ജില്ലയുടെ സ്വന്തം ഉത്പന്നമെന്ന നിലയിൽ പ്രത്യേകിച്ചൊരു പ്രോത്സാഹനവും ലഭിക്കുന്നില്ലെന്നതാണ് സംരംഭകരെ പിറകോട്ടടിപ്പിക്കുന്നത്.