ചൊട്ടയിലെ പാലത്തിന് വനംവകുപ്പിന്റെ ഉടക്ക്
1423668
Monday, May 20, 2024 1:12 AM IST
ബോവിക്കാനം: പയസ്വിനിപ്പുഴയിലെ ചൊട്ടയില്‍ പാലത്തിന്റെ പണി അതിവേഗം പുരോഗമിക്കുമ്പോള്‍ ഉടക്കുമായി വനംവകുപ്പ്. അനുബന്ധ റോഡ് നിര്‍മാണം പൂര്ത്തിയാകണമെങ്കല് വനം വകുപ്പിന്റെ അനുമതി ലഭിക്കണം. ഒരു വര്‍ഷം മുമ്പ് ആരംഭിച്ച പാലം നിര്‍മാണം അതിവേഗത്തിലാണ് പുരോഗമിക്കുന്നതെങ്കിലും വനം വകുപ്പിന്റെ അനുമതി വൈകുന്നതിനാലാണ് പാലത്തിന്റെ അനുബന്ധ റോഡ് വികസനം വൈകുന്നത്.
പാലത്തില്‍ നിന്നു 10 മീറ്റര്‍ വീതിയില്‍ കുണ്ടംകുഴി ഭാഗത്തേക്ക് 985 മീറ്ററും ഇരിയണ്ണി ഭാഗത്തേക്കു 675 മീറ്റര്‍ നീളത്തിലുമാണ് അനുബന്ധ റോഡ് നിര്‍മിക്കുന്നത്. കുണ്ടംകുഴി ഭാഗത്തേക്കു റോഡ് നിര്‍മിച്ചു ടാറിംഗ് പൂര്‍ത്തിയാക്കുകയും ചെയ്തു. പാലത്തിന്റെ ഇരിയണ്ണി ഭാഗത്തെ റോഡാണ് വീതികൂട്ടാന്‍ വനംവകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുന്നത്.
പാലത്തിന്റെ നിര്‍മാണം കരാര്‍ കാലാവധി അവസാനിക്കുന്ന അടുത്ത ജൂലൈ മാസത്തില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
സ്പാനുകളില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന പണി ഏതാണ്ട് പൂര്‍ത്തിയായി വരുന്നു. ഇരിയണ്ണി കുറ്റിയടുക്കം മുതല്‍ മിന്നംകുളം വരെയുള്ള ഒന്നര കിലോമീറ്റര്‍ റോഡ് കടന്നുപോകുന്നത് സംരക്ഷിത വനത്തിലൂടെയാണ്. നിലവില്‍ മൂന്നു മീറ്റര്‍ ടാറിങ് വീതിയുള്ള ചെറിയ റോഡാണിത്. പാലം വന്നു കഴിഞ്ഞാല്‍ റോഡില്‍ തിരക്ക് വര്‍ധിക്കും. വീതി കൂട്ടിയില്ലെങ്കില്‍ റോഡില്‍ ഗതാഗതക്കുരുക്കിനു സാധ്യതയുണ്ട്.
പാലത്തിനും റോഡിനുമായി 5 സെന്റ് മുതല്‍ ഒന്നര ഏക്കര്‍ വരെ കൃഷിഭൂമി നാട്ടുകാര്‍ സൗജന്യമായി നല്‍കിയപ്പോഴാണ് വനംവകുപ്പിന്റെ ഭൂമി ലഭ്യമാക്കാനുള്ള നടപടികള്‍ വൈകുന്നത്. പാലത്തിനും റോഡിനും കിഫ്ബിയില്‍ 18.12 കോടി രൂപയാണ് അനുവദിച്ചത്. 14.36 കോടി രൂപയ്ക്കാണു ചട്ടഞ്ചാലിലെ ജാസ്മിന് കണ്‍സ്ട്രക്ഷന്‍സ് പണി കരാറെടുത്തത്.അഞ്ചു സ്പാനുകളിലായി 130 മീറ്റര്‍ നീളമുള്ള പാലമാണ് പൂര്‍ത്തിയായി വരുന്നത്. 11മീറ്റര്‍ വീതിയിലുള്ള പാലത്തില്‍ ഏഴര മീറ്റര്‍ ടാറിങ് റോഡും ബാക്കി ഇരുവശങ്ങളിലും നടപ്പാതയുമാണ്.
2024 ജൂണ്‍ മാസം വരെയാണ് നിര്‍മാണ കരാറിന്റെ കാലാവധി. പാലം യാഥാര്‍ഥ്യമാകുന്നതോടെ ഇരിയണ്ണിയില്‍ നിന്നു കുണ്ടംകുഴിയിലേക്കു ആറു കിലോമീറ്ററില്‍ എത്താന്‍ സാധിക്കും. നിലവില്‍ ഇരിയണ്ണിയില്‍ നിന്നു കുറ്റിക്കോല്‍ വഴി ചുറ്റിയാണ് കുണ്ടംകുഴിയില്‍ എത്തുക. ഏകദേശം 25 കിമീ ഒരു ഭാഗത്തേക്കു യാത്ര ചെയ്യണം. ഇതാണ് നാലിലൊന്നായി കുറയുന്നത്. കുണ്ടംകുഴി ഭാഗത്തുള്ളവര്‍ക്കു ജില്ലാ ആസ്ഥാനമായ കാസര്‍ഗോട്ടേക്കു പോകാനുള്ള എളുപ്പ വഴിയായി ഇത് മാറും.
മുളിയാര്‍ പഞ്ചായത്തിലെ പയം,കുണിയേരി, മിന്നംകുളം, ബേഡഡുക്ക പഞ്ചായത്തിലെ ചൊട്ടതോണിക്കടവ,ദൊഡ്ഡുവയല്‍ പ്രദേശങ്ങളിലുള്ളവര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും പോകാനും പാലം ഗുണം ചെയ്യും.