പോളിടെക്നിക് വിദ്യാർഥിയുടെ മരണം: പോലീസ് അന്വേഷണം തുടങ്ങി
1423563
Sunday, May 19, 2024 7:30 AM IST
തൃക്കരിപ്പൂർ: ഗവ.പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഒന്നാം വർഷ കമ്പ്യൂട്ടർ എന്‍ജിനീയറിംഗ് വിദ്യാർഥി അഭിജിത്ത് ഗംഗാധരന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടങ്ങി. ചന്തേര എസ്ഐ ടി.കെ.മുരളീധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അഭിജിത്തിനൊപ്പം ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാര്‍ഥികളില്‍ നിന്നും മൊഴിയെടുത്തു.
വ്യാഴാഴ്ച രാത്രി പതിനൊന്നു വരെ അഭിജിത്തിനെ മുറിയിൽ കണ്ടിരുന്നതായി തൊട്ടടുത്ത മുറികളിൽ കഴിഞ്ഞിരുന്ന വിദ്യാർഥികൾ മൊഴി നൽകിയിട്ടുണ്ട്. അഭിജിത്ത് ഉപയോഗിച്ചിരുന്ന ഫോൺ പ്രവർത്തനരഹിതമായ നിലയിലാണ്. ഇത് സൈബർ വിഭാഗത്തിന് കൈമാറി കോൾ വിവരങ്ങൾ തേടാനുള്ള നടപടികള്‍ സ്വീകരിക്കും. ഭീമനടി മാങ്ങോട് വിലങ്ങിലെ ഗംഗാധരന്റെയും സജിനിയുടെയും മകനായ അഭിജിത്തിനെ വെള്ളിയാഴ്ച രാവിലെയാണ് ജനലഴിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.