വായനയ്ക്കായി കൈകോര്‍ത്ത് ആയമ്പാറ
1423172
Saturday, May 18, 2024 12:45 AM IST
പെരിയ: വായനയ്ക്കായി കൈകോര്‍ത്ത് ആയമ്പാറ ഗ്രാമം. മികച്ച വായനക്കാര്‍ക്ക് ആയുഷ്യ എന്ന പേരില്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ച് ആയമ്പാറ ജിയുപി സ്കൂളാണ് മൂന്നാം തവണയും വേറിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃക പകര്‍ന്നത്.
ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും മുഖ്യാധ്യാപകനുമായ എം.ദിവാകരന്റെയും സഹാധ്യാപകരുടെയും പിടിഎയുടെയും നേതൃത്വത്തിലാണ് വായനയിലേക്ക് ഒരു നാടിനെ നയിക്കാന്‍ പുതുമ നിറഞ്ഞ വഴിതുറന്നത്.
മുഖ്യാധ്യാപകന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി ഏറ്റെടുത്ത് നടത്തുന്ന പ്രവര്‍ത്തന ഫലമായി ഗ്രന്ഥശാലകള്‍ തുറക്കാനായി. സ്കൂളില്‍ നിര്‍മിച്ച സോപ്പില്‍ നിന്നുള്ള വരുമാനമാണ് ഇത്തരമൊരു പുരസ്കാരത്തിന് ഉപയോഗപ്പെടുത്തുന്നത്. ഇത്തവണ 10 ഗ്രന്ഥശാല പരിധിയിലെ 300 രക്ഷിതാക്കളും സ്കൂളിലെ 100 കുട്ടികളുമാണ് പുസ്തകവായനാ യജ്ഞത്തില്‍ പങ്കാളികളായത്.
സ്കൂള്‍ വാര്‍ഷികത്തിന്റെയും യാത്രയയപ്പ് സമ്മേളനത്തിന്റെയും ഭാഗമായി ഒരുക്കിയ ഫോക്കുത്സവം എന്ന പേരില്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന് ഉദ്ഘാടനം ചെയ്തു.
മെമ്പര്‍ ലത രാഘവന് അധ്യക്ഷതവഹിച്ചു. ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗൺസില്‍ പ്രസിഡന്റ് പി.വേണുഗോപാലന്‍ പുരസ്കാര സമര്‍പ്പണം നടത്തി.