മഴക്കാലപൂര്‍വ ശുചീകരണം 19ന് പൂര്‍ത്തിയാകും
1422982
Friday, May 17, 2024 12:54 AM IST
കാസര്‍ഗോഡ്: ജില്ലയില്‍ മഴക്കാല പൂര്‍വ ശുചീകരണം 18, 19 തീയതികളിലെ മെഗാ ശുചീകരണ പരിപാടികളോടെ പൂര്‍ത്തിയാകും. കടല്തീരങ്ങള് 26നു ശുചീകരിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനമായത്. വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ ഒന്നാം ഘട്ട ശുചീകരണം പൂര്‍ത്തിയായി. വാര്‍ഡ് തല ശുചീകരണങ്ങള്‍ നടന്നുവരികയാണ്. 18, 19 തീയതികളില്‍ നടക്കുന്ന മെഗാ ശുചീകരണ പ്രവര്‍ത്തനങ്ങളോടെ ജില്ലയിലെ മഴക്കാല പൂര്‍വശുചീകരണം പൂര്‍ത്തിയാകും. 17,18 തീയതികളില്‍ സെക്രട്ടറിമാര്‍ തോടുകളിലും പുഴകളിലും മാലിന്യം തങ്ങി നില്ക്കാന് സാധ്യതയുള്ള പൊതു ഇടങ്ങളിലുമെല്ലാം സന്ദർശിച്ച് വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള സ്പോട്ടുകള്‍ കണ്ടെത്തി പട്ടിക തയാറാക്കണമെന്നും 31ന് കാലവര്‍ഷം എത്തുന്നതിന് മുന്‍പ് മഴക്കാലപൂര്‍വ ശുചീകരണം കൃത്യമായി നടത്തണമെന്നും കളക്ടര്‍ പറഞ്ഞു.
വിനോദസഞ്ചാര കേന്ദ്രങ്ങളിലും അവയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലും മാലിന്യം തള്ളുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിമാരോട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. എം.സി.എഫ് കപ്പാസിറ്റി കുറവുള്ള തദ്ദേശ സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് യോഗത്തില്‍ തീരുമാനിച്ചു. വാതില്‍പ്പടി ശേഖരണം അമ്പതു ശതമാനത്തില്‍ കുറവുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളെ പ്രത്യേകമായി പരിശോധിച്ചു. ട്രാന്സ്പോര്ട്ടേഷന് പ്ലാന്‍, ലിഫ്റ്റിംഗ് പ്ലാന്‍ എന്നിവ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശിച്ചു.