പെൺകുട്ടികളുടെ "ശല്യക്കാരൻ'; ഒടുവില്‍ അറസ്റ്റ്
1422583
Wednesday, May 15, 2024 12:57 AM IST
കാസര്‍ഗോഡ്: വാട്ടർ തീം പാർക്കിൽ യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബി. ഇഫ്തിക്കര്‍ അഹമ്മദിനെതിരെ അധ്യാപക ജീവിതത്തിലുടനീളം ഉയര്‍ന്നത് നിരവധി ആരോപണങ്ങള്‍. 2023 നവംബര്‍ 13നാണ് കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാല ക്ലാസ് മുറിയില്‍ പരീക്ഷവേളയില്‍ ബോധംകെട്ടുവീണ എംഎ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയെ ഇഫ്തിക്കര്‍ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചെന്ന പരാതി ഉയരുന്നത്. ക്ലാസില്‍ അധ്യാപകന് ലൈംഗികച്ചുവയോടെ സംസാരിക്കുന്നത് പതിവാണെന്ന പരാതിയും വിദ്യാര്‍ഥിനികള്‍ ഉന്നയിച്ചു.
മുപ്പതോളം വിദ്യാര്‍ഥികളാണ് ഇഫ്തിക്കറിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. നവംബര്‍ 28ന് ഇഫ്തിക്കറിനെ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തു. പിന്നീട് സര്‍വകലാശാലയിലെ ആഭ്യന്തര പരാതിപരിഹാര സെല്‍ ഇഫ്തിക്കറിനെ ഉപാധികളോടെ തിരിച്ചെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഏതാണ്ട് മൂന്നുമാസത്തെ സസ്പെന്‍ഷനുശേഷം ഈവര്‍ഷം ഫെബ്രുവരി 23നാണ് വിസി ഇന്‍ ചാര്‍ജ് ഇഫ്തിക്കറിന്റെ സസ്പെന്ഷന് പിന്‍വലിക്കുന്നത്. എന്നാല്‍ ക്രിമിനല്‍ കേസില്‍ നിയമനടപടി നേരിടുന്ന അധ്യാപകനെ തിരിച്ചെടുക്കുന്നതിനെതിരെ വിദ്യാര്‍ഥിസംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയതോടെ 29നു വീണ്ടും സസ്പെന്‍ഡ് ചെയ്തു. മാര്‍ച്ചില്‍ ഇഫ്തിക്കറിനെതിരെ ഐപിസി 354 (സ്ത്രീയുടെ അന്തസിനെ ഹനിക്കുന്ന പ്രവൃത്തി) വകുപ്പ് ചുമത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
പിന്നീട് പരാതിക്കാരായ ഒന്നാംവര്‍ഷം പിജി വിദ്യാര്‍ഥികളുടെ ക്ലാസില്‍ പഠിപ്പിക്കരുതെന്ന നിബന്ധനയോടെ സസ്പെന്ഷന് പിന്‍വലിച്ചു. പിന്നീട് ഈ വിദ്യാര്‍ഥിനി കേന്ദ്ര വനിതാവികസനമന്ത്രി സ്മൃതി ഇറാനിയെ നേരില്‍കണ്ട് സംസാരിച്ചിരുന്നു. ഇതേതുടര്‍ന്ന് ദേശീയ വനിത കമ്മീഷന് വിഷയത്തില്‍ ഇടപെടുകയും ഇംഗ്ലീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ഇഫ്തിക്കറിനെ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് മാറ്റുകയും ചെയ്തിരുന്നു. നിലവില്‍ ഇഫ്തിക്കറിനെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.
മുമ്പ് കണ്ണൂര്‍ കൃഷ്ണമേനോന് വനിത കോളജില്‍ പഠിപ്പിക്കുന്ന വേളയില്‍ ഇഫ്തിക്കര്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്ന് പരാതിയുണ്ടായിരുന്നു. പരാതി അന്വേഷിച്ച ഇന്റര്‍ കോളജിയറ്റ് വിദ്യാഭ്യാസവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഇദ്ദേഹത്തെ വനിത കോളജില്‍ നിയമിക്കരുതെന്ന് പരാമര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കാസര്‍ഗോഡ് ഗവ.കോളജിലേക്ക് സ്ഥലംമാറ്റുന്നത്.
പത്രസ്ഥാപനങ്ങള്‍ക്ക് വ്യാജചിത്രവും വാര്‍ത്തയും നല്കി കബളിപ്പിക്കുകയും ചെയ്തിരുന്നു. 2015 ഫെബ്രുവരിയിൽ രാജ്യാന്തര പുസ്തക പ്രസാധകരായ ജേണല്‍ അനു ബുക്സ് ആ വര്‍ഷത്തെ മികച്ച ഗവേഷണ ഗ്രന്ഥകര്‍ത്താവിനുള്ള പുരസ്കാരം അമിതാഭ് ബച്ചനില്‍ നിന്നും ഏറ്റുവാങ്ങുന്നതായുള്ള വ്യാജചിത്രവും വാര്‍ത്തയും ഇഫ്തിക്കര്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്.
അധ്യാപകനെ പൂര്‍ണവിശ്വാസത്തിലെടുത്ത് ചില മാധ്യമങ്ങള്‍ ഇതു പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ 2013ല്‍ തെലുങ്ക് നടന് മഹേഷ് ബാബുവിന് അമിതാഭ് ബച്ചന് നന്തി ചലച്ചിത്ര പുരസ്കാരം സമ്മാനിക്കുന്നതിന്റെ ചിത്രത്തിലാണ് മഹേഷ് ബാബുവിന്റെ തലവെട്ടി മാറ്റിയാണ് ഇഫ്തിക്കര്‍ സ്വന്തം തലവച്ചതെന്ന് പിന്നീട് വ്യക്തമായി. ഇങ്ങനെയൊരു അവാര്‍ഡ് തങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് പ്രസാധകരും അറിയിച്ചിരുന്നു.