വീട്ടുപറമ്പിലെ കിണറ്റിൽനിന്ന് അസ്ഥികൂടം കണ്ടെത്തി
1422505
Tuesday, May 14, 2024 7:43 AM IST
ചിറ്റാരിക്കാൽ: ഇരുപത്തിയഞ്ചിലെ സ്വകാര്യവ്യക്തിയുടെ വീട്ടുപറമ്പിലെ കിണറ്റിൽ മനുഷ്യാസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി.
വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന കിണർ വൃത്തിയാക്കിയപ്പോഴാണ് തലയോട്ടിയും അസ്ഥികളും കണ്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചിറ്റാരിക്കാൽ പോലീസ് സ്ഥലത്തെത്തി കിണറ്റിലെ വെളളം വറ്റിച്ച് തലയോട്ടിയും അസ്ഥികളും പുറത്തെടുത്തു. ഒരുവർഷം മുമ്പ് കാണാതായ കടുമേനി പാവൽ ചിത്രാടിയിലെ കെ.എ.കുര്യൻ എന്ന അനീഷി(43)ന്റേതാണ് അസ്ഥികൂടമെന്നാണ് സൂചന.
ഇയാളുടെ ആധാർ കാർഡും വസ്ത്രങ്ങളും ചെരുപ്പും കിണറ്റിൽനിന്നും കണ്ടെടുത്തു. അനീഷിനെ കാണാതായതു സംബന്ധിച്ച് കഴിഞ്ഞവർഷം ഏപ്രിൽ നാലിന് കുടുംബാംഗങ്ങൾ ചിറ്റാരിക്കാൽ പോലീസിൽ പരാതി നൽകിയിരുന്നു.
പരേതനായ കണ്ടനാമറ്റത്തിൽ ആഗസ്തിയുടെയും ചിന്നമ്മയുടെയും മകനായ അനീഷ് അവിവാഹിതനാണ്. ഡിവൈഎസ്പി വി.വി.ലതീഷിന്റെ നേതൃത്വത്തിൽ പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.