മാറ്റങ്ങൾ കൊണ്ടുവരാൻ എളുപ്പമാണ്; യാഥാർഥ്യമാക്കാനാണ് പാട് !
1422504
Tuesday, May 14, 2024 7:17 AM IST
കാസർഗോഡ്: ആരെതിർത്താലും ഡ്രൈവിംഗ് ടെസ്റ്റ് നടത്തിപ്പിൽ മാറ്റങ്ങൾ കൊണ്ടുവരികതന്നെ ചെയ്യുമെന്ന വാശിയിലാണ് ഗതാഗത മന്ത്രിയും മോട്ടോർവാഹന വകുപ്പും.
മാറ്റങ്ങൾ കൊണ്ടുവരാനെളുപ്പമാണെങ്കിലും അവ പ്രാവർത്തികമാക്കുന്നതിനുള്ള ബുദ്ധിമുട്ട് എത്രത്തോളമാണെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരും ലൈസൻസിന് അപേക്ഷിച്ച് കാത്തിരിക്കുന്ന സാധാരണക്കാരുമെല്ലാം അനുഭവിച്ചറിയുന്നുമുണ്ട്. ഇതിനിടയിലാണ് കാസർഗോട്ട് നാലുവർഷങ്ങൾക്കു മുമ്പ് മോട്ടോർവാഹനവകുപ്പ് നിർമിച്ച അത്യാധുനിക ഡ്രൈവിംഗ് ടെസ്റ്റ് സ്റ്റേഷൻ ഇനിയും പ്രവർത്തനക്ഷമമാക്കാത്ത കാര്യം വീണ്ടും ചർച്ചയാകുന്നത്.
ജില്ലാ ആസ്ഥാനത്തുനിന്ന് അധികം ദൂരെയല്ലാതെ ബേള എന്ന സ്ഥലത്ത് മോട്ടോർവാഹന വകുപ്പിന് അനുവദിച്ചുകിട്ടിയ ഒന്നരയേക്കർ സ്ഥലത്താണ് ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നാലേകാൽ കോടി രൂപ ചെലവിൽ കംപ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് സ്റ്റേഷനും വാഹനപരിശോധനാകേന്ദ്രവും സ്ഥാപിച്ചത്.
പരിശോധകർ പോലുമില്ലാതെ കാമറയുമായി ബന്ധിപ്പിച്ച കംപ്യൂട്ടർ സംവിധാനം മാത്രം ഉപയോഗിച്ച് ഡ്രൈവിംഗ് ടെസ്റ്റും വാഹനപരിശോധനയും നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്. സർക്കാരിനു കീഴിലുള്ള കിറ്റ്കോയ്ക്കായിരുന്നു നിർമാണ ചുമതല. ബന്ധപ്പെട്ട ഉപകരണങ്ങളെല്ലാം ജർമനിയിൽ നിന്നും നേരിട്ടെത്തിക്കുകയാണെന്നും പറഞ്ഞു.
നിർമാണം പൂർത്തിയായിട്ടൊടുവിൽ 2020 ൽ അന്നത്തെ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനാണ് ഡ്രൈവിംഗ് ടെസ്റ്റ് സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതേ മാതൃകയിലുള്ള ഓട്ടോമാറ്റിക് ഡ്രൈവിംഗ് ടെസ്റ്റ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും ഭാവിയിൽ എല്ലായിടങ്ങളിലേക്കും വ്യാപിപ്പിച്ച് സംസ്ഥാനത്തൊട്ടാകെ ഡ്രൈവിംഗ് ടെസ്റ്റിന് ആധുനിക സംവിധാനം നടപ്പാക്കുമെന്നുമായിരുന്നു അന്നത്തെ പ്രഖ്യാപനം.
ഉദ്ഘാടനം കഴിഞ്ഞെങ്കിലും സ്റ്റേഷന്റെ പ്രവർത്തനം മാത്രം തുടങ്ങിയില്ല. ഉപകരണങ്ങൾ നിർമിച്ച ജർമനിയിലെ കമ്പനിയിൽ നിന്നും വിദഗ്ധരെത്തി മോട്ടോർവാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പരിശീലനം നല്കിക്കഴിഞ്ഞതിനു ശേഷം പ്രവർത്തനം തുടങ്ങുമെന്നാണ് അധികൃതർ ആദ്യകാലങ്ങളിൽ പറഞ്ഞത്. ചുരുക്കിപ്പറഞ്ഞാൽ ഇത് പ്രവർത്തിപ്പിക്കാനറിയാവുന്ന ആരും ഇവിടെയില്ലെന്ന്. അക്കാലത്ത് കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ ജർമൻകാർക്ക് ഇങ്ങോട്ട് വരാനാകാത്തതാണ് പ്രശ്നമെന്നും പറഞ്ഞു.
ഇപ്പോൾ നിയന്ത്രണങ്ങൾ നീങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ജർമൻകാരൊന്നും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. ജർമൻ സാങ്കേതികവിദ്യയിൽ ഇവിടെയൊരു ഡ്രൈവിംഗ് ടെസ്റ്റ് സ്റ്റേഷൻ സ്ഥാപിച്ച കാര്യം ജർമനിയിൽ ആരെങ്കിലും അറിഞ്ഞിട്ടുണ്ടോയെന്നുതന്നെ ചോദിക്കേണ്ട അവസ്ഥയായി.
നാലുവർഷമായി മഴയും വെയിലും കൊണ്ടുകിടക്കുന്ന ഉപകരണങ്ങളെല്ലാം തുരുമ്പിച്ചുതുടങ്ങി. കാമറകളും കംപ്യൂട്ടറുകളുമെല്ലാം മിക്കവാറും പ്രവർത്തനരഹിതമായി. ചുറ്റുപാടും കാടുവളർന്ന് മൂടുകയും ചെയ്തു. ഇനി ജർമൻകാർ വന്നാലും ഈ ടെസ്റ്റ് സ്റ്റേഷൻ പ്രവർത്തനക്ഷമമാക്കണമെങ്കിൽ വീണ്ടും കോടികൾ ചെലവാക്കി പുതിയ ഉപകരണങ്ങളടക്കം വാങ്ങേണ്ടിവരും.
എന്തിനുവേണ്ടിയായിരുന്നു നാലുവർഷം മുമ്പ് സർക്കാർ ഖജനാവിൽ നിന്ന് നാലേകാൽ കോടി രൂപ വെറുതേ കളഞ്ഞ് ഇവിടെ ഇങ്ങനെയൊരു ടെസ്റ്റ് സ്റ്റേഷൻ സ്ഥാപിച്ചതെന്ന ചോദ്യം മാത്രം ബാക്കിയാകുന്നു. അതിന് ഉത്തരം പറയാൻ നേരമില്ലാതെ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണങ്ങൾ നടപ്പാക്കുന്ന തിരക്കിലാണ് സർക്കാരും മോട്ടോർവാഹന വകുപ്പും.