അപകടക്കെണിയൊരുക്കി അടയാളമില്ലാത്ത ഹമ്പുകള്‍
1418649
Thursday, April 25, 2024 1:34 AM IST
കാഞ്ഞങ്ങാട്: സംസ്ഥാനപാതയില്‍ നിര്‍മിച്ചിട്ടുള്ള അടയാളമില്ലാത്ത ഹമ്പുകള്‍ അപകടക്കെണിയൊരുക്കുന്നു. പള്ളിക്കര റെയില്‍വേ മേല്‍പാലത്തിന്റെ ടോള്‍ പിരിക്കാന്‍ നേരത്തേ ഉണ്ടാക്കിയ ഹമ്പുകളാണ് ഇപ്പോള്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായത്. കാസര്‍ഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ അരളിക്കട്ട ബിആര്‍ഡിസി ഓഫീസിന് മുന്നിലാണ് തിരിച്ചറിയാന്‍ ഒരു മാര്‍ഗവുമില്ലാത്ത കുറെ ഹമ്പുകള്‍ ബാക്കിയുള്ളത്.
സംസ്ഥാനപാത ഇവിടെ രണ്ടായി വിഭജിച്ചിട്ടുണ്ട്. ഡിവൈഡറിന് തെക്കുഭാഗത്ത് മൂന്നും വടക്കുവശത്ത് നാലും ഹമ്പുകള്‍ ഇപ്പോഴുണ്ട്.
മുന്‍പ് ചുങ്കം പിരിച്ചിരുന്ന നാളുകളില്‍ റോഡിന്റെ ഇരുവശത്തും 12 വീതം വരമ്പുകള്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് ഈ ടോള്‍ബൂത്ത് ഒഴിവാക്കി. അതിന് പിന്നാലെ അധികൃതര്‍ റോഡിന്റെ ഒരുവശത്ത് നാലും മറുവശത്തു മൂന്നും ഹമ്പുകള്‍ നിലനിര്‍ത്തി ബാക്കിയെല്ലാം മണ്ണുമാന്തി ഉപയോഗിച്ച് നീക്കി. അങ്ങനെയാണ് ഇവിടെ വരമ്പുകള്‍ അവശേഷിച്ചത്. പാതയിലെ വരമ്പുകള്‍ തിരിച്ചറിയാന്‍ മറ്റിടങ്ങളില്‍ ഇവയുടെ മുകളില്‍ വെള്ളവരകള്‍ ഇടാറുണ്ട്. ഹമ്പ് എത്തുന്നതിന് മുന്‍പ് വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്കാന് ഇരുവശത്തും ബോര്‍ഡുകളും സ്ഥാപിക്കും. ഇവിടെ അതൊന്നുമില്ല.
ആദ്യമായി ഈ പാതയിലൂടെ വരുന്നവര്‍ അടയാളമില്ലാത്ത ഈ ഹമ്പുകളില്‍ കയറി അപകടത്തില്‍പ്പെടുന്നത് പതിവാണ്. വാഹനങ്ങളുടെ ആക്സില്‍ പൊട്ടുന്ന സംഭവവും ഉണ്ടായി. വരമ്പുകള്‍ നീക്കുന്നില്ലെങ്കില്‍ മുന്നറിയിപ്പ് സംവിധാനമെങ്കിലും ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.