വോള്‍ട്ടേജ് ക്ഷാമത്തില്‍ സ്തംഭിച്ച് വ്യവസായമേഖല
1418648
Thursday, April 25, 2024 1:34 AM IST
കാസര്‍ഗോഡ്: വോള്‍ട്ടേജ് കമ്മിയും ഓവര്‍ലോഡും ചെറുകിട വ്യാവസായികമേഖലയുടെ നടുവൊടിക്കുന്നു. ഉത്പാദനം മുടങ്ങുന്നു എന്നത് മാത്രമല്ല, യന്ത്രസാമഗ്രികളും മറ്റും കത്തിപ്പോകാനും വോള്‍ട്ടേജ് ക്ഷാമം കാരണമാകുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുപോലും വാങ്ങിയ ഉപകരണങ്ങളാണിത്.
ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് സംരഭകര്ക്കുണ്ടാകുന്നത്. ഈ നഷ്ടം ആരു നികത്തുമെന്നാണ് ഇവരുടെ ചോദ്യം. പുതുതായി വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരെയെല്ലാം ഇതു പിറകോട്ടുവലിക്കുന്നു. ജില്ലാ വ്യവസായകേന്ദ്രത്തിന്റെ അനന്തപുരം വ്യവസായപാര്‍ക്കിലെ സംരഭകരാണ് ഇതിന്റെ ക്ലേശം ഏറെ അനുഭവിക്കുന്നത്. പല സ്ഥാപനങ്ങളും ഭാഗികമായിട്ടാണ് ഇപ്പോള്‍ പ്രവര്‍ത്തനം. സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന പല സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടിവരുമെന്നാണ് സംരഭകര്‍ പറയുന്നത്. മൈലാട്ടി 220 കെവി ലൈനില്‍ നിന്നുള്ള വൈദ്യുതി വിദ്യാനഗര്‍ 110 കെവി ലൈന്‍ വഴിയാണ് അനന്തപുരം 33 കെവി സബ്സ്റ്റേഷന് പരിധിയിലുള്ള ജില്ലാ വ്യവസായകേന്ദ്രം വ്യവസായ പാര്‍ക്കില്‍ ഉള്‍പ്പെടെ വൈദ്യുതി എത്തുന്നത്.
വിദ്യാനനഗര്‍ 110 കെവി സബ്സ്റ്റേഷനില്‍ നിന്നും കാസര്‍ഗോഡ് ടൗണ്‍, അനന്തപുരം 33 കെവി സബ്സ്റ്റേഷനുകളിലേക്കും വിദ്യാനഗര്‍ ലൈനില്‍ നിന്നുതന്നെ മുള്ളേരിയ 110 കെവി ലൈന്‍ വഴി ബദിയഡുക്ക, പെര്‍ള 33 കെവി സബ്സ്റ്റേഷനുകളിലേക്ക് കൂടി വൈദ്യുതി നല്‍കുന്നത് പലപ്പോഴും ഓവര്‍ലോഡ് ഉണ്ടാക്കുന്നു. ഒരേ ലൈനിനു തന്നെ ഇത്രയും സബ്സ്റ്റേഷനുകളുടെ ലോഡ് താങ്ങാനുള്ള ശേഷി ഉണ്ടാകുന്നില്ല. അപ്പോള്‍ വൈദ്യുതി ഫീഡര്‍ മാറി കട്ട് ചെയ്ത് നല്‍കേണ്ടിവരുന്നു.
പലപ്പോഴും ഇതുമൂലം രണ്ടുമണിക്കൂര്‍ വരെയാണ് വൈദ്യുതി മുടങ്ങുന്നതെന്നാണ് സംരഭകര്‍ പറയുന്നത്. ഇതിനുപുറമെ അടിക്കടി അറ്റകുറ്റപ്പണികള്‍ ഉണ്ടാകുന്നതും വൈദ്യുതിക്ഷാമം രൂക്ഷമാക്കുന്നു. മഞ്ചേശ്വരം, കുബനൂര്‍ 110 കെവി സബ്സ്റ്റേഷന് പരിധികളില്‍ കര്‍ണാടക ലൈനില്‍ നിന്നുള്ള വൈദ്യുതിയാണെത്തുന്നത്. റെയില്‍വേ ആവശ്യത്തിനുള്ള വൈദ്യുതിയും ഇതില്‍ നിന്നാണ് പോകുന്നത്. ട്രെയിനുകള്‍ കൂടിയതോടെ കര്‍ണാടക വൈദ്യുതിയുടെ ഉപയോഗം കൂടുകയും ആവശ്യത്തിന് വൈദ്യുതി കിട്ടാതെ വരികയും ചെയ്യുന്നത് മൈലാട്ടി 220 കെവി ലൈനില്‍ നിന്നു വിദ്യാനഗര്‍ 110 കെവി ലൈനിലേക്കുള്ള വൈദ്യുതി വിതരണത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
മൈലാട്ടി-വിദ്യാനഗര്‍ 110 കെവി ലൈന്‍ ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുക, വിദ്യാനഗര്‍ 110 കെവി സബ്സ്റ്റേഷന് 220 കെവി സബ്സ്റ്റേഷന് ആക്കി ഉയര്‍ത്തുക, സീതാംഗോളി 110 കെവി സബ്സ്റ്റേഷന് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുകയാണ് ഏക പരിഹാരമെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ പറയുന്നു.
ഡബിള്‍ പവര്‍ സര്‍ക്യൂട്ട് ലൈന്‍ നിര്‍മാണം നിര്‍ത്തിവെച്ച് ദിവസങ്ങള്‍ പിന്നിട്ടു. ഈ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ഉന്നതതല ഇടപെടല്‍ വേണമെന്ന് അധികൃതര്‍ പറയുന്നു. വൈദ്യുതപ്രശ്നം സംരഭകര്‍ പലതവണ അറിയിച്ചിട്ടുണ്ടെന്നും പരിഹാരത്തിന് ഉന്നത ഇടപെടല്‍ അനിവാര്യമാണെന്നും പദ്ധതി പ്രദേശത്ത് വൈദ്യുതിശേഷി കൂട്ടാനായി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ മൂന്നുമാസം മുമ്പ് 75 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും ജില്ലാ വ്യവസായകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സജിത്കുമാര്‍ പറഞ്ഞു.