മോദിയുടെയും രാഹുൽ ഗാന്ധിയുടെയും ഭാഷ ഒന്നുപോലെ: ഡി. രാജ
1418574
Wednesday, April 24, 2024 7:17 AM IST
ചെറുവത്തൂർ: നരേന്ദ്ര മോദിയുടെ ഭാഷ തന്നെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രയോഗിക്കുന്നതെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ. ചെറുവത്തൂരിൽ സംഘടിപ്പിച്ച എൽഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ രാഷ്ട്രീയ വൈരാഗ്യം കൊണ്ട് അർഹമായ വിഹിതം നൽകാതെ കേരളത്തെ വീർപ്പുമുട്ടിക്കുമ്പോൾ അതിനെതിരെ ശബ്ദിക്കാൻ കോൺഗ്രസ് തയാറായില്ല. മറിച്ച് ബിജെപിക്ക് ഒപ്പം ചേർന്ന് കേരളത്തിലെ ഇടതുപക്ഷ സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളും നടത്തുന്നു. ഈ രണ്ട് മുന്നണികളും നടിന് ഭീഷണിയാണ്.
ഇവരെ പരാജയപ്പെടുത്തി ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും ഡി. രാജ പറഞ്ഞു. സി.പി. ബാബു അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ, കെ.പി. സതീഷ്ചന്ദ്രൻ, എം. രാജഗോപാലൻ എംഎൽഎ, സാബു ഏബ്രഹാം, പി. കരുണാകരൻ, ഇ. ചന്ദ്രശേഖരൻ എംഎൽഎ, വി.വി. കൃഷ്ണൻ, കെ. സുധാകരൻ, സി. ബാലൻ, ഇ. കുഞ്ഞിരാമൻ, പി.പി. രാജു, രതീഷ് പുതിയപുരയിൽ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത്, കെ.വി. അബ്ദുൾ അസീസ്, എ. അമ്പൂഞ്ഞി, ടി. നാരായണൻ എന്നിവർ പ്രസംഗിച്ചു.