കിദൂർ പക്ഷിഗ്രാമം: പണി പൂർത്തിയാകാതെ 60 ലക്ഷത്തിന്റെ ഡോർമിറ്ററി
1418333
Tuesday, April 23, 2024 7:33 AM IST
കുമ്പള: അപൂർവ ഇനം പക്ഷികളുടെ സങ്കേതമായി കണ്ടെത്തിയ കുമ്പള പഞ്ചായത്തിലെ കിദൂരിനെ ജില്ലാ ഭരണകൂടം പക്ഷിഗ്രാമം പദ്ധതിക്കായി തെരഞ്ഞെടുത്തത് 2019 ലാണ്. ഇവിടെയെത്തുന്ന പക്ഷി നിരീക്ഷകർക്കും ഗവേഷകർക്കും വിനോദസഞ്ചാരികൾക്കും താമസസൗകര്യമൊരുക്കുന്നതിനായി ഒരു ഡോർമിറ്ററി പണിയാൻ ഡി.സജിത് ബാബു കളക്ടറായിരുന്ന കാലത്ത് കാസർഗോഡ് വികസന പാക്കേജിൽ നിന്നും 60 ലക്ഷം രൂപയും അനുവദിച്ചു.
60 ലക്ഷത്തിന്റെ കണക്കൊപ്പിക്കാൻ വേണ്ടിയാണോയെന്നറിയില്ല, 60 സ്ത്രീകൾക്കും പുരുഷന്മാർക്കും തങ്ങാവുന്ന തരത്തിൽ രണ്ട് പ്രത്യേക മുറികൾ, ഒരു മീറ്റിംഗ് ഹാൾ, ഓഫീസ് മുറി, ശുചിമുറികൾ എന്നിവ ഉൾപ്പെടുന്ന കോൺക്രീറ്റ് കെട്ടിടത്തിനാണ് രൂപരേഖ തയ്യാറാക്കി അനുമതി നല്കിയത്. നിർമാണ ചുമതല ജില്ലാ നിർമിതികേന്ദ്രത്തിന് കൈമാറി ഉടൻ തന്നെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. പക്ഷിഗ്രാമത്തിന്റെ സ്വാഭാവിക പരിസ്ഥിതിക്ക് ഒട്ടും നിരക്കാത്ത തരത്തിലുള്ള കോൺക്രീറ്റ് കെട്ടിടം നിർമിക്കുന്നതിനെതിരെ നാട്ടുകാരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ഭാഗത്തുനിന്നും എതിർപ്പുകളുണ്ടായെങ്കിലും അതൊന്നും അധികൃതർ വകവെച്ചതുമില്ല.
ഇപ്പോൾ വർഷം 2024. കോൺക്രീറ്റ് പില്ലറുകളും ഇടയിൽ ചുവരുകളുമായി പണി പൂർത്തിയാകാതെ കിടക്കുന്ന കെട്ടിടത്തിന്റെ രൂപത്തിലാണ് ഇപ്പോഴും ഡോർമിറ്ററി. നിർമാണ പ്രവർത്തനങ്ങൾ എന്തുകൊണ്ടാണ് നിലച്ചുപോയതെന്ന ചോദ്യത്തിന് അധികൃതർക്കോ നിർമിതികേന്ദ്രത്തിനോ മറുപടിയില്ല.
പണി പൂർത്തിയാകാത്ത കെട്ടിടവും ഇരുമ്പുകമ്പികളും മെറ്റൽക്കൂനയുമൊക്കെ അങ്ങിങ്ങായി കിടക്കുന്നു. ഇനി എന്നേക്ക് പണി വീണ്ടും തുടങ്ങുമെന്നോ ഡോർമിറ്ററി പൂർത്തിയാകുമെന്നോ ഉള്ള ചോദ്യത്തിനും ഉത്തരമില്ല.
പക്ഷികൾ മാത്രം ഇതൊന്നുമറിയാതെ കുറച്ചകലെ കൊടുവേനലിലും വറ്റാത്ത കാജൂർപള്ളത്തിന്റെ തീരത്തും വയലുകളിലും മരങ്ങളിലുമായുണ്ട്.
കേരളത്തിൽ മറ്റെവിടെയും കാണാത്ത വ്യത്യസ്ത ഇനങ്ങളുൾപ്പെടെ 174 തരം പക്ഷികളെയാണ് 10 ഏക്കറോളം വിസ്തൃതിയിൽ കിടക്കുന്ന കിദൂർ കുണ്ടങ്കാരടുക്ക മേഖലയിൽ കണ്ടെത്തിയിട്ടുള്ളത്.അത്യപൂർവ ഇനമായ മഞ്ഞവരിയൻ പ്രാവുകളാണ് ഇതിൽ മുഖ്യം. കേരളത്തിന്റെയും കർണാടകയുടെയും വിവിധ ഭാഗങ്ങളിൽ നിന്ന് പക്ഷിനിരീക്ഷകരും ശാസ്ത്രഗവേഷകരുമെല്ലാം ഇവിടെയെത്താറുണ്ട്. പക്ഷികൾക്കൊപ്പം അപൂർവയിനം ശലഭങ്ങളും തവളകളും സൂക്ഷ്മജീവികളും സസ്യജാലങ്ങളുമെല്ലാമടങ്ങുന്ന ജൈവസമ്പത്തും കിദൂരിന്റെ പ്രത്യേകതയാണ്.
നിരവധി പ്രകൃതിപഠന ക്യാമ്പുകൾക്കും ഇവിടം വേദിയാകാറുണ്ട്. പക്ഷിഗ്രാമം പദ്ധതിയുടെ ഭാഗമായി തനതു മരങ്ങളും ഫലവൃക്ഷങ്ങളും വച്ചുപിടിപ്പിച്ച് ഇവിടെയൊരു മിയാവാക്കി വനവും ഒരുക്കിയിട്ടുണ്ട്.