തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കള്ളവോട്ടിന് കൂട്ടുനിൽക്കുന്നതായി പരാതി
1418326
Tuesday, April 23, 2024 7:32 AM IST
ചീമേനി: കയ്യൂർ-ചീമേനി പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഇരട്ടവോട്ടുകൾ അസാധുവാക്കാതെ കള്ളവോട്ടിന് കൂട്ടുനിൽക്കുന്നതായി പരാതി. ബൂത്ത് ലെവൽ ഓഫീസറായ എം.പ്രദീപിനെതിരെ ആം ആദ്മി പാർട്ടി പ്രവർത്തകൻ എം.വി.ശില്പരാജാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന് പരാതി നല്കിയത്.
ശില്പരാജിന്റെ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നഷ്ടപ്പെട്ടുപോയതിനാൽ പുതിയ കാർഡിനായി അപേക്ഷിച്ചത് ഇരട്ടവോട്ടായി പരിഗണിച്ച് പട്ടികയിൽനിന്നും നീക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനായി വീട്ടിലെത്തിയ ഉദ്യോഗസ്ഥൻ ഇതേപോലെ ആ പ്രദേശത്ത് മൂന്നുനാല് ഇരട്ടവോട്ടുകളുണ്ടെന്നും താൻ ഒരു ഇടതുപക്ഷ അനുഭാവി ആയതുകൊണ്ട് പാർട്ടിക്ക് കിട്ടിക്കോട്ടെയെന്നുകരുതി തടയാത്തതാണെന്നും പറഞ്ഞതായാണ് പരാതി.
ഉദ്യോഗസ്ഥന്റെ സംഭാഷണം റിക്കാർഡ് ചെയ്തതിന്റെ പകർപ്പും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.