പ്ലാച്ചിക്കരയിൽ ജീവിച്ചിരിക്കുന്ന 12 പേരെ വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കി
1417497
Saturday, April 20, 2024 1:32 AM IST
ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്തിലെ 51-ാം നമ്പർ ബൂത്തായ പ്ലാച്ചിക്കര എഎൽപി സ്കൂളിൽ ജീവിച്ചിരിക്കുന്ന 12 വോട്ടർമാരെ മരിച്ചുപോയവരുടെ കൂട്ടത്തിൽപ്പെടുത്തി വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കിയതായി പരാതി.
ജെയ്സൺ ജോസഫ് മുണ്ടത്താനത്ത്, സാബു മാത്യു അന്തിനാട്ട്, അനിൽ മഠത്തിപ്പറമ്പിൽ, സാലിയമ്മ മേനപ്പാട്ട് പടിക്കൽ, ആലീസ് അഞ്ചേരി, ത്രേസ്യാമ്മ മഞ്ചുച്ചേരിയിൽ, ഉതുപ്പ് കുളത്തിങ്കൽ, എലിസബത്ത് തൂമ്പുങ്കൽ, ബാബു പി.മാത്യു, സജി തടത്തിൽ, ബാബു പുതിയവീട്ടിൽ, ജോസഫ് വാഴപ്ലാക്കൽ എന്നിവരെയാണ് ഒഴിവാക്കിയത്.
ഇവർക്ക് വോട്ടുചെയ്യാൻ അവസരം ലഭിച്ചില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. അതേസമയം ഇതേ ബൂത്തിലെ വോട്ടർപട്ടികയിൽ മരിച്ചുപോയ 10 പേരെ നിലനിർത്തിയിട്ടുമുണ്ട്. മൊബൈൽ ഫോൺ ഉപയോഗിച്ചാണ് വോട്ടർപട്ടിക ശുദ്ധീകരണം നടത്തിയതെന്നും അതിലെ സാങ്കേതിക പിഴവ് മൂലമാണ് മരിച്ചുപോയ 10 പേരെ നിലനിർത്തി ജീവിച്ചിരിക്കുന്ന 12 പേരെ ഒഴിവാക്കിയതെന്നുമാണ് ബിഎൽഒയുടെ വിശദീകരണം. എന്നാൽ തെറ്റ് കണ്ടുപിടിച്ചിട്ടും അതു തിരുത്താൻ കഴിയാത്തതെന്തെന്നാണ് വോട്ടർമാരുടെ ചോദ്യം.
ഇത്രയും പേർക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടാൽ അതിന് ആരു സമാധാനം പറയുമെന്ന ചോദ്യത്തിനും ഉത്തരമില്ല.
നീലേശ്വരത്തും ജീവിച്ചിരിക്കുന്നയാളെ
പട്ടികയില്‍ നിന്നൊഴിവാക്കി
നീലേശ്വരം: നീലേശ്വരം നഗരസഭയിലെ ചിറപ്പുറം ആറാം നമ്പര്‍ ബൂത്തിൽ ജീവിച്ചിരിക്കുന്ന 85 കാരനെ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കി. ചിറപ്പുറത്തെ എൻ.കുഞ്ഞബ്ദുള്ളയെയാണ് മരിച്ചവരുടെ കൂട്ടത്തില്‍പ്പെടുത്തി വോട്ടർ പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. അടുത്തകാലത്ത് മരണപ്പെട്ട മകനെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കാൻ അപേക്ഷിച്ചിരുന്നു. എന്നാൽ ഇതിനൊപ്പം കുഞ്ഞബ്ള്ളയുടെ വോട്ടും തള്ളുകയായിരുന്നു. ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥയ്ക്കെതിരെ പരാതി നൽകാനൊരുങ്ങുകയാണ് കുഞ്ഞബ്ദുള്ള.