കടകളിലേക്ക് ടിപ്പർ പാഞ്ഞുകയറി മൂന്നു യുവതികൾക്ക് പരിക്ക്
1417041
Thursday, April 18, 2024 1:47 AM IST
എണ്ണപ്പാറ: മുക്കുഴിയിൽ കടകളിലേക്ക് ടിപ്പർ ലോറി പാഞ്ഞ് കയറി മൂന്നു യുവതികൾക്ക് പരിക്ക്. ഓട്ടോറിക്ഷ പൂർണമായും തകർന്നു. രണ്ടു കടകളും തകർന്നു. സ്റ്റേഷനറി, തയ്യൽകടകളിലേക്കാണ് നിയന്ത്രണം വിട്ട ടിപ്പർ പാഞ്ഞ് കയറിയത്.
ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടം. പരിക്കേറ്റ സ്റ്റേഷനറി കടയുടമ മുക്കുഴിയിലെ മായ ഷിജു (38), ടെയ്ലറിംഗ് ഷോപ്പിലെ ഷൈനി (45), അമ്പിളി (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെറ്റൽ പൊടിയുമായി കോളിയാറിൽ നിന്നും മുക്കുഴിയിലേക്ക് വന്ന ടിപ്പറാണ് കടയിൽ പാഞ്ഞ് കയറിയത്.
അനീഷ് മാമ്പളത്തിന്റെ ഓട്ടോയാണ് പൂർണമായും തകർന്നത്. ഓട്ടോയിൽ നിന്നും ഇറങ്ങിയ നിമിഷമാണ് ടിപ്പർ ഓട്ടോയിലിടിക്കുന്നത്. അനീഷ് അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ഓട്ടോയെ ഇടിച്ച് തെറിപ്പിച്ചശേഷം കടയിൽ പാഞ്ഞ് കയറുകയായിരുന്നു.
മെറ്റൽ പൂർണമായും കടക്കകത്ത് വീണു. കടക്കുള്ളിൽ കുടുങ്ങിയ സ്ത്രീകളെ നാട്ടുകാരാണ് രക്ഷപെടുത്തിയത്. അപകട സ്ഥലത്ത് ആളുകൾ അധികമല്ലാത്ത സമയം ആയതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.