സൈനികനും കുടുംബത്തിനും നേരെ സദാചാര ഗുണ്ടായിസം; നടപടിയെടുക്കാതെ പോലീസ്
1417038
Thursday, April 18, 2024 1:47 AM IST
കാഞ്ഞങ്ങാട്: സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ തെയ്യം കാണാനെത്തിയ സൈനികനും കുടുംബത്തിനും നേരെ സദാചാര ഗുണ്ടാക്രമണം. പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാതെ നീലേശ്വരം പോലീസ്. പശ്ചിമ ബംഗാളില്‍ സൈനികജോലി ചെയ്യുന്ന കുന്നുംകൈ ചെമ്മന്‍കുന്ന് സ്വദേശി കെ.നിധിന് ബാബുവും കുടുംബവുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഏപ്രില്‍ നാലിന് രാത്രിയാണ് വടക്കേ പുലിയന്നൂരില്‍ ഒറ്റക്കോലം കാണുന്നതിനായി നിധിനും കുടുംബവും എത്തിയത്. വിശ്രമിക്കാനായി തൊട്ടടുത്ത സ്കൂളിലെത്തിയ സമയത്താണ് 15 പേരടങ്ങിയ സംഘം അവിടെയെത്തി മോശമായ രീതിയില്‍ സംസാരിക്കുന്നത്. തുടർന്ന് നിധിനെയും സഹോദരനെയും മര്‍ദ്ദിച്ചു. തടയാന്‍ ചെന്ന നിധിന്റെ ഭാര്യയോടും സഹോദരിമാരോടും മോശമായി പെരുമാറി.
മര്‍ദ്ദനത്തില്‍ പരിക്കേറ്റതിനെതുടര്‍ന്ന് നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് നീലേശ്വരം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. എന്നാല്‍ നാളിതുവരെയായിട്ടും പ്രതികളില്‍ ഒരാളെപോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അനീഷ്, ഉപേന്ദ്രന്, രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. ഒരാള്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും രണ്ടുപേര്‍ ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളുമാണ്.
രാഷ്ട്രീയ സ്വാധീനം മൂലമാണ് പോലീസ് കേസെടുക്കാത്തതെന്ന് പരാതിക്കാര്‍ ആരോപിച്ചു. എന്നാല്‍ പരാതി കിട്ടിയ ഉടന്‍ കേസെടുത്തതായും അന്വേഷണം നടത്തുകയാണെന്നും നീലേശ്വരം പോലീസ് പ്രതികരിച്ചു.