ഭാരതത്തെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയാക്കും: രാജ്നാഥ് സിംഗ്
1417035
Thursday, April 18, 2024 1:47 AM IST
കാസര്‍ഗോഡ്: അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഭാരതത്തെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കാനും 2047ല്‍ വികസിത രാഷ്ട്രമാക്കാനും ലക്ഷ്യമിട്ടുള്ള പ്രകടനപത്രികയാണ് ബിജെപി മുന്നോട്ട് വെക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. താളിപ്പടുപ്പ് മൈതാനത്ത് എന്‍ഡിഎ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ സംസ്കാരവും ശ്രീരാമ സങ്കല്‍പ്പവുമാണ് ഭാരതത്തെ ഒന്നാക്കി നിര്‍ത്തുന്നത്. രാമന് ദൈവം മാത്രമല്ല നമ്മുടെ സാംസ്കാരിക നായകന് കൂടിയാണ്. എന്നാല്‍ കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇതു മനസിലാകുന്നില്ല. ആരൊക്കെയാണോ അയോധ്യ രാമജന്മഭൂമി ക്ഷേത്രനിര്‍മാണത്തെ എതിര്‍ത്തത് അവരൊക്കെയും നിഷ്കാസനം ചെയ്യപ്പെടുമെന്നതില്‍ സംശയമില്ല.
ഏവര്‍ക്കും നീതി, ആരോടുമില്ല പ്രീണനം എന്നതാണ് ബിജെപി നയം. രണ്ടക്ക വോട്ടിംഗ് ശതമാനം എന്ന നിലയില്‍ നിന്നും രണ്ടക്ക സീറ്റുകള്‍ നേടുന്ന പാര്‍ട്ടിയായി കേരള ബിജെപി മാറും. റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം നാലര മണിക്കൂര്‍ നിര്‍ത്തിവെപ്പിക്കാനും യുദ്ധഭൂമിയില്‍ കുടുങ്ങിക്കിടന്ന ഭാരതീയരെ രക്ഷിക്കാനും നരേന്ദ്ര മോദിക്ക് സാധിച്ചു.
ബിജെപിയുടെ വാക്കും പ്രവൃത്തിയും ഒന്നാണ്. എന്നാല്‍ ഇതര പാര്‍ട്ടികള്‍ക്ക് വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം കാരണം അവരുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍ അധ്യക്ഷതവഹിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി എം.എല്‍. അശ്വിനി, ബിജെപി കര്‍ണാടക മുന്‍ സംസ്ഥാന പ്രസിഡന്റ് നളീന്‍കുമാര്‍ കട്ടീല്‍, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, എം.സഞ്ജീവ ഷെട്ടി, പ്രമീള സി.നായിക്, സുരേഷ്കുമാര്‍ ഷെട്ടി, എ.വേലായുധന്, വിജയ് കുമാര്‍ റൈ, സതീഷ്ചന്ദ്ര ഭണ്ഡാരി, വി.ബാലകൃഷ്ണ ഷെട്ടി, എം.ബല്‍രാജ്, സുധാമ ഗോസാഡ, മനുലാല്‍ മേലത്ത്, എന്‍.മധു, മനോജ് കുമാര്‍, എം.നാരായണഭട്ട് എന്നിവര്‍ സംബന്ധിച്ചു