വോട്ടിംഗ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്ഡമൈസേഷന് ഇന്ന്
1416715
Tuesday, April 16, 2024 6:57 AM IST
കാസര്‍ഗോഡ്: ലോക്സഭാ തെരഞ്ഞെടുപ്പ് 2024 വോട്ടെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്ഡമൈസേഷന് ഇന്നു രാവിലെ 10നു കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലം വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെയും ഇലക്ഷന് കമ്മീഷന് നിയോഗിച്ച പൊതു നിരീക്ഷകന് റിഷിരേന്ദ്രകുമാറിന്റെയും സാന്നിധ്യത്തില്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ നടക്കും.
ഓരോ പോളിംഗ് സ്റ്റേഷനുകളിലേക്കുമുള്ള ബാലറ്റ് യൂണിറ്റ് കണ്ട്രോള് യൂനിറ്റ് വിവിപാറ്റ് എന്നിവ നിര്‍ണയിക്കുന്നതിനുള്ള റാന്ഡമൈസേഷന് സ്ഥാനാര്‍ഥികളുടെയോ ചുമതലപ്പെടുത്തുന്ന പ്രതിനിധികളുടേയോ സാന്നിധ്യത്തിലാണ് നടക്കുന്നത്. തുടര്‍ന്ന് രാവിലെ 11ന് എല്ലാ നിയമസഭാ മണ്ഡലങ്ങളിലേയും സ്ട്രോംഗ് റൂമുകള്‍ തുറന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ അടുക്കി വെക്കും. അസി റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥികളുടെയോ പ്രതിനിധികളുടെയോ സാന്നിധ്യത്തിലാണ് സ്ട്രോംഗ് റൂമുകള്‍ തുറക്കുന്നത്.
നാളെ രാവിലെ ഏഴു മുതല്‍ ഇവിഎം കമ്മീഷനിംഗ് നടത്തും. സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ചേര്‍ക്കുന്ന പ്രവര്‍ത്തനമാണിത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പുവരുത്തും.
കമ്മീഷനിംഗ് സമയത്ത് അഞ്ച് ശതമാനം ഇവിഎം മോക് പോള്‍ നടത്തും. അതു പ്രത്യേകമായി രേഖപ്പെടുത്തും. കമ്മീഷനിംഗ് പൂര്‍ത്തിയായാല്‍ ഇവിഎം മെഷീനുകള്‍ സ്ട്രോംഗ് റൂമില്‍ സൂക്ഷിക്കും. 25നു പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യുന്നതിനായി മാത്രമേ സ്ട്രോംഗ് റൂം തുറക്കുകയുള്ളൂ.
26നു വോട്ടെടുപ്പ് നടക്കും. വോട്ട് രേഖപ്പെടുത്തിയ ഇവിഎം യന്ത്രങ്ങള്‍ വിതരണം ചെയ്ത കേന്ദ്രത്തില്‍ തന്നെ സ്വീകരിക്കും. അന്നു രാത്രി തന്നെ പ്രത്യേകം സ്ട്രോംഗ് റൂമുകള്‍ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണല്‍ കേന്ദ്രമായ പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഇവിഎം യന്ത്രങ്ങള്‍ സൂക്ഷിക്കും. ഏഴു നിയമസഭാ മണ്ഡലങ്ങളുടെയും വോട്ട് രേഖപ്പെടുത്തിയ യന്ത്രങ്ങള്‍ പ്രത്യേകം സ്ട്രോംഗ് റൂമുകളിലാണ് സൂക്ഷിക്കുക. കേന്ദ്രസേനയുടെയും കേരള സായുധ പോലീസിന്റെയും കനത്ത സുരക്ഷയിലായിരിക്കും. 26 മുതല്‍ ജൂണ്‍ നാലു വരെയായിരിക്കും യന്ത്രങ്ങള്‍ സൂക്ഷിക്കുക. പൂര്‍ണമായും സിസിടിവി കാമറയുടെ നിരീക്ഷണത്തിലായിരിക്കും ഈ മേഖല.
മണ്ഡലത്തിന് പുറത്ത് വോട്ടുള്ള പോളിംഗ് ഉദ്യോഗസ്ഥര്‍ എത്രയും വേഗം അപേക്ഷ നല്‍കണം: കളക്ടര്‍
കാസര്‍ഗോഡ്: പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയപരിധി 19 വരെ നീട്ടിയിട്ടുണ്ടെങ്കിലും ഇതുവരെ 12 ഫോം നല്കിയിട്ടില്ലാത്ത പോളിംഗ് ഉദ്യോഗസ്ഥര്‍ ഇന്നു വൈകുന്നേരം അഞ്ചിനകം 12 ഫോമില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു.
ദൂരെ ജില്ലകളില്‍ നിന്നുള്ള കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ ഡ്യൂട്ടിയുള്ള പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന വേളയില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കണമെങ്കില്‍ എത്രയും വേഗം ഫോം 12 ല്‍ അപേക്ഷ നല്‍കേണ്ടത് അനിവാര്യമാണ്.
ഉദാഹരണത്തിന് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ നേമം നിയമസഭാ മണ്ഡലത്തില്‍ വോട്ടവകാശമുള്ള കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള, കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ഒരാള്‍ തപാല്‍ ബാലറ്റിന് അപേക്ഷിക്കുമ്പോള്‍, അവരുടെ അപേക്ഷ തിരുവനന്തപുരം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ മുഖേന-നേമം അസി. റിട്ടേണിംഗ് ഓഫീസര്‍ക്ക് തപാല്‍ ബാലറ്റ് അനുവദിക്കുന്നതിനായി ലഭ്യമാകേണ്ടതുണ്ട്. 19ന് അപേക്ഷ നല്കുന്ന ഒരു ഉദ്യോഗസ്ഥന് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് പരിശീലന സമയത്ത് തപാല്‍ ബാലറ്റ് ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. അതിനാല്‍ എത്രയും വേഗം അപേക്ഷ നല്കാന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയാറാകണമെന്ന് കളക്ടര്‍ അറിയിച്ചു.