യുഡിഎഫിന് പ്രതീക്ഷ ഉണ്ണിത്താന്റെ ജനകീയത; എൽഡിഎഫിന് പാർട്ടി വോട്ടുകൾ
1416453
Sunday, April 14, 2024 7:00 AM IST
കാസർഗോഡ്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്കടുക്കുമ്പോൾ പ്രതീക്ഷകളും കണക്കുകൂട്ടലുകളുമായി മുന്നണികൾ.
കാസർഗോഡ് മണ്ഡലത്തിൽ ഇന്നോളമില്ലാതിരുന്ന തരത്തിൽ ഗ്രാമാന്തരങ്ങളിൽ പോലും എംപിയുടെ സാന്നിധ്യമറിയിക്കാൻ കഴിഞ്ഞ രാജ്മോഹൻ ഉണ്ണിത്താന്റെ ജനകീയതയിലാണ് യുഡിഎഫിന്റെ പ്രതീക്ഷയത്രയും.
അതേസമയം കഴിഞ്ഞതവണ കല്യോട്ട് ഇരട്ടക്കൊലയും ശബരിമല വിവാദവുമൊക്കെയുണ്ടായ പ്രത്യേക സാഹചര്യത്തിൽ കുറഞ്ഞുപോയ പാർട്ടി വോട്ടുകളെ തിരികെ പിടിച്ചാൽതന്നെ എം.വി.ബാലകൃഷ്ണന് അനായാസം ജയിക്കാനാകുമെന്ന പ്രതീക്ഷയാണ് ഇടതുമുന്നണിക്ക്.
എം.എൽ.അശ്വിനി മഞ്ചേശ്വരത്തിനു പുറത്ത് ഇതുവരെ അറിയപ്പെടാതിരുന്ന സ്ഥാനാർഥിയായിട്ടും ആവേശകരമായ പ്രചാരണത്തിലൂടെ ഓളമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന വിശ്വാസത്തിലാണ് എൻഡിഎ.
എംപിയെന്ന നിലയിൽ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തന മികവും രാഷ്ട്രീയത്തിനതീതമായി ജില്ലയിലുടനീളം നേടിയെടുത്ത വ്യക്തിബന്ധങ്ങളുമാണ് രാജ്മോഹൻ ഉണ്ണിത്താന്റെ ആത്മവിശ്വാസം.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ ഭരണവിരുദ്ധ വികാരവും യുഡിഎഫിന് പ്രതീക്ഷയാകുന്നു.എന്നാൽ രാഷ്ട്രീയത്തെ വ്യക്തിബന്ധങ്ങൾക്കു മുകളിൽ സ്ഥാപിക്കുന്ന വടക്കൻ കേരളത്തിലെ സാഹചര്യത്തിൽ ഉണ്ണിത്താന്റെ ജനകീയത പൂർണമായും വോട്ടായി മാറില്ലെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ. മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങളിലെ യുഡിഎഫ് ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാൻ പൗരത്വ നിയമത്തിലും മറ്റും ഊന്നിയുള്ള പ്രചാരണത്തിലൂടെ കഴിയുമെന്നും മറ്റു മണ്ഡലങ്ങളിലെ പാർട്ടി വോട്ടുകൾ കൃത്യമായി പോൾ ചെയ്യപ്പെട്ടാൽ തന്നെ അനായാസ ജയം ഉറപ്പാണെന്നുമാണ് അവരുടെ വിശ്വാസം.
പാർട്ടി കേന്ദ്രങ്ങളിലെല്ലാം പുതിയ വോട്ടർമാരെ ചേർക്കുന്നതിൽ ബഹുദൂരം മുന്നിലെത്താനായതും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. എൻഡിഎയ്ക്കാണെങ്കിൽ കഴിഞ്ഞ തവണത്തെ വോട്ടിംഗ് ശതമാനത്തേക്കാൾ ഒരു പടിയെങ്കിലും മുന്നിലെത്താനായാൽ തന്നെ അത് നേട്ടമായി കണക്കാക്കാനാകും.