തെരുവുവിളക്കുകൾ കണ്ണടച്ചു; നീലേശ്വരം ഇരുട്ടിൽ
1415854
Friday, April 12, 2024 12:43 AM IST
നീലേശ്വരം: ജില്ലയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമെന്നു പറഞ്ഞാലും സന്ധ്യ കഴിഞ്ഞാൽ ഇരുട്ടിലാവുകയാണ് നീലേശ്വരം. നഗരസഭയുടെ തെരുവുവിളക്കുകളൊന്നും കത്താതായിട്ട് മാസങ്ങളായി. ഇവയുടെ പരിപാലനത്തിന് കരാർ ഏറ്റെടുത്ത കണ്ണൂരിലെ സിൽക്കിന് നഗരസഭ കഴിഞ്ഞ സാമ്പത്തികവർഷം ഏഴുലക്ഷത്തോളം രൂപ കുടിശിക വരുത്തിയതാണ് കാരണം. കഴിഞ്ഞവർഷത്തെ പണം കിട്ടാതെ ഇക്കൊല്ലം വീണ്ടും പണി തുടങ്ങാനാവില്ലെന്നാണ് അവരുടെ തീരുമാനം.
എംപിയുടെയും എംഎൽഎയുടെയും ഫണ്ടിൽ നിന്നും തുക ചെലവഴിച്ച് മാർക്കറ്റ് ജംഗ്ഷനിലും ബസ്സ്റ്റാൻഡ് പരിസരത്തും സ്ഥാപിച്ച ഉയരവിളക്കുകളും മാസങ്ങളായി കത്തുന്നില്ല. ഇവയുടെ പരിപാലനച്ചുമതലയും നഗരസഭയ്ക്കു തന്നെയാണെങ്കിലും സിൽക്കുമായുള്ള കരാറിൽ ഇവ ഉൾപ്പെട്ടിട്ടില്ലെന്ന് പറയപ്പെടുന്നു.
രാത്രികാലങ്ങളിൽ ബസിറങ്ങുകയും കയറാനെത്തുകയും ചെയ്യുന്ന യാത്രക്കാർക്ക് വാഹനങ്ങളിൽ നിന്നും സമീപത്തെ കടകളിൽ നിന്നുമുള്ള വെളിച്ചം മാത്രമാണ് ഇപ്പോൾ ആശ്രയം. രാജാ റോഡിലെ പെട്രോൾ പമ്പിന് സമീപം ഒരുക്കിയിട്ടുള്ള താത്കാലിക ബസ്സ്റ്റാൻഡിലും വെളിച്ചമില്ല. മലയോര മേഖലകളിലേക്ക് ബസ് കാത്തിരിക്കുന്ന യാത്രക്കാർ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ബസ്സ്റ്റാൻഡ് പരിസരത്ത് ഇരുട്ടത്തിരിക്കേണ്ട അവസ്ഥയിലാണ്.
അതേസമയം തെരുവുവിളക്കുകളുടെ പരിപാലനച്ചുമതലയുള്ള സിൽക്കിന് നഗരസഭ ചെക്ക് കൈമാറിയിട്ടുണ്ടെന്നും അഞ്ചുലക്ഷത്തിന് മുകളിലുള്ള ചെക്കുകൾ ട്രഷറിയിൽനിന്ന് മാറിയെടുക്കുന്നതിനുള്ള നിയന്ത്രണങ്ങളാണ് പ്രശ്നമായതെന്നും നഗരസഭ അധികൃതർ വിശദീകരിക്കുന്നു. അത് പരിഹരിച്ച് ചെക്ക് മാറിയെടുക്കുന്നതുവരെ ഇരുട്ടത്തിരിക്കാൻ തന്നെയാകും യാത്രക്കാരുടെ വിധി.