ജില്ലയ്ക്ക് വേണം, ഭക്ഷ്യസുരക്ഷ ലാബ്
1415683
Thursday, April 11, 2024 1:55 AM IST
കാസര്‍ഗോഡ്: ജില്ലയില്‍ ഭക്ഷ്യവിഷബാധയേറ്റു ചികിത്സ തേടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുമ്പോഴും അതിന്റെ കാരണം മനസിലാക്കാന്‍ ലാബ് സൗകര്യങ്ങളൊന്നുമില്ല. ഭക്ഷ്യ സാമ്പിളുകള്‍ പരിശോധിക്കാന്‍ മറ്റു ജില്ലകളെയും സംസ്ഥാനങ്ങളെയും ആശ്രയിക്കേണ്ടിവരുന്നു. സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ കേരള കേന്ദ്ര സര്‍വകലാശാലയിലെ ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലര്‍ ബയോളജി ലാബില്‍ സാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിയും. മാത്രമല്ല ആരോഗ്യരംഗത്ത് ഇതൊരു മുതല്‍ക്കൂട്ടാകുകയും ചെയ്യും.
കോവിഡ് കാലത്ത് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സാമ്പിളുകള്‍ ഇവിടെയായിരുന്നു പരിശോധിച്ചിരുന്നത്. 2020 മാര്‍ച്ചില്‍ ഭരണാനുമതി കിട്ടിയതോടെ കോവിഡിനെ ചെറുക്കാന്‍ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ലാബ് അധികൃതര്‍ മുന്നിട്ടിറങ്ങി. നിലവില്‍ കോവിഡ് പരിശോധനകള്‍ കുറഞ്ഞതോടെ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ അക്കാദമിക് തലത്തിലേക്ക് വീണ്ടും ഒതുങ്ങുകയാണ്. കോവിഡ് പോലെ അപ്രതീക്ഷിതമായെത്തുന്ന വൈറസ് രോഗങ്ങള്‍ പരിശോധിക്കാനും ഗവേഷണം നടത്താനും അത് ഉപകരിക്കും. ഭക്ഷ്യ സുരക്ഷാ വകുപ്പുമായി സഹകരിച്ച് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയാല്‍ ഭക്ഷ്യ സാമ്പിളുകളും അവിടെത്തന്നെ പരിശോധിക്കാം. അതോടെ പരിശോധനാ ഫലത്തിനായി ദിവസങ്ങളോളമുള്ള കാത്തിരിപ്പും ഒഴിവാക്കാം. കേന്ദ്ര സര്‍വകലാശാല പരിസരത്ത് പെരിയ-തണ്ണോട്ട് റോഡിലുള്ള സ്വതന്ത്ര വൈറസ് പരിശോധനാ ലാബ് ഇതുവരെയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
ആരോഗ്യ വകുപ്പും കേന്ദ്ര സര്‍വകലാശാലയും ചേര്‍ന്നാണ് കോവിഡ് കാലത്ത് കാമ്പസ് പരിസരത്തെ ഒഴിഞ്ഞ കെട്ടിടം ലാബാക്കി മാറ്റിയത്. ഇതുവരെ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. പരിശോധനകള്‍ക്കായി ഉപകരണങ്ങള്‍ സജ്ജീകരിക്കണമെങ്കില്‍ വൈദ്യുതി മുടങ്ങുമ്പോള്‍ കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ ജനറേറ്റര്‍, യുപിഎസ് സൗകര്യം ഒരുക്കേണ്ടതായുണ്ട്. പരിസരം കാടുകയറിയതോടെ ഉപയോഗശൂന്യമായിക്കിടക്കുകയാണ് ലക്ഷങ്ങള്‍ ചെലവാക്കി ഒരുക്കിയ ലാബ്.
ഭക്ഷ്യനിയമം കര്‍ശനമായി പാലിക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശിക്കുമ്പോഴും ഇവ പരിശോധിക്കാന്‍ ജില്ലയില്‍ ഭക്ഷ്യസുരക്ഷ വകുപ്പില്‍ ആവശ്യമായ ജീവനക്കാരില്ല. അഞ്ച് നിയോജക മണ്ഡലങ്ങളിലുള്ള ജില്ലയില്‍ മൂന്നു മണ്ഡലങ്ങളിലാണ് ഫുഡ് സേഫ്റ്റി ഓഫിസര്‍മാരുള്ളത്. ഇവരെ കൂടാതെ അസി. കമ്മീഷണര്‍, നോഡല്‍ ഓഫീസര്‍ എന്നിവരുമാണു ജില്ലയിലുള്ളത്. ഇവിടേക്കു നിയമിക്കുന്ന ഫുഡ് സേഫ്റ്റി ഓഫീസര്‍മാരില്‍ പലരും സ്ഥലം മാറിപ്പോവുകയാണു പതിവ്. ജില്ലയില്‍ ഏറെ മാസവും ഇതര ജില്ലകളിലുള്ള ഓഫിസര്‍മാര്‍ക്കു അധിക ചുമതല നല്‍കുകയാണ് പതിവ്.
ജില്ലയില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്നത് 929 ഹോട്ടലുകളാണ്. തട്ടുകടകളും ബേക്കറികളും ഉള്‍പ്പെടെ 1077 ഭക്ഷണ ശാലകള്‍ വേറെയുണ്ട്. ഇതിനുപുറമേ പലചരക്ക്, പച്ചക്കറി തുടങ്ങിയ കടകളും എല്ലാം ചേര്‍ന്ന് അയ്യായിരത്തിലേറെ സ്ഥാപനങ്ങളിലാണ് ഇവരുടെ പരിധിയില്‍ ഭക്ഷണത്തിന്റെ ഗുണനിലവാര പരിശോധന പൂര്‍ണമായും ഭക്ഷ്യസുരക്ഷ വകുപ്പിനാണ്. ഇതിനു പുറമേ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടോയെന്നത് ഉള്‍പ്പെടെ പരിശോധിക്കുകയും വേണം. മതിയായ ജീവനക്കാരെ നിയമിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.