ഉദുമയിൽ പച്ചക്കറിക്കൃഷിക്ക് ഭീഷണിയായി മയിലുകൾ
1415681
Thursday, April 11, 2024 1:55 AM IST
ഉദുമ: നാട്ടിൻപുറങ്ങളിൽ മയിലുകളുടെ എണ്ണം പെരുകിയതോടെ വേനൽക്കാല പച്ചക്കറി കൃഷി അവതാളത്തിലാകുന്നു. മുളച്ചുവരുന്ന പച്ചക്കറിത്തൈകളുടെ പുതുനാമ്പുകളും ഇലകളുമെല്ലാം കണ്ണുതെറ്റിയാൽ ഇവ കൊത്തിയെടുക്കും.
കക്കിരി, വെള്ളരി, മത്തൻ തുടങ്ങിയവ ഏതു പ്രായത്തിലായാലും കൊത്തിത്തിന്ന് പലവഴിയ്ക്കാക്കും. പയറും പീച്ചിലുമെല്ലാം വളർത്തുന്ന പന്തലുകൾക്കു മുകളിൽ നൈലോൺ വല വലിച്ചുകെട്ടി സംരക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. നെൽക്കൃഷി തന്നെ കതിരിടുന്ന സമയമായാൽ കർഷകർ പാടത്ത് കാവലിരുന്ന് പാത്രം മുട്ടി ശബ്ദമുണ്ടാക്കി മയിലുകളെ ഓടിക്കുകയാണ്.
മുൻകാലങ്ങളിൽ പച്ചക്കറികൾ കൊണ്ട് സമൃദ്ധമായിരുന്ന അരവത്ത്, പനയാൽ വയലുകളിലെല്ലാം ഇപ്പോൾ മയിലുകളുടെ ഭീഷണി മൂലം കൃഷി കുറഞ്ഞു.
അതിരാവിലെയും വൈകുന്നേരവുമാണ് മയിൽക്കൂട്ടങ്ങൾ പാടങ്ങളിലെത്തുന്നത്. മുൻകാലങ്ങളിൽ കൗതുകത്തോടെ നോക്കിനിന്നിരുന്നവർ ഇപ്പോൾ ഇവ എങ്ങനെയെങ്കിലുമൊന്ന് പോയിക്കിട്ടിയാൽ മതിയെന്ന നിലയിലാണ്.
ദേശീയ പക്ഷിയായതിനാൽ തിരിച്ചെന്തെങ്കിലും ചെയ്ത് ഇവയ്ക്ക് പരിക്കേല്ക്കാനിടയായാൽ പോലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങേണ്ട അവസ്ഥയുമാകും.