തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം
1415460
Wednesday, April 10, 2024 1:41 AM IST
കാസർഗോഡ്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ് വര്‍ക്കുകള്‍, സ്വകാര്യ എഫ്എം ചാനലുകള്‍ ഉള്‍പ്പെടെയുള്ള റേഡിയോ സംവിധാനങ്ങൾ, സിനിമാ തിയേറ്ററുകള്‍, പൊതുസ്ഥലങ്ങള്‍, സമൂഹ മാധ്യമങ്ങള്‍ എന്നിവയില്‍ നല്കുന്ന പരസ്യങ്ങള്‍ക്കെല്ലാം മുൻകൂർ അനുമതി നിര്‍ബന്ധമായും വാങ്ങണമെന്ന് മീഡിയ സര്ട്ടിഫിക്കേഷന് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) ചെയര്‍മാനായ കളക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു.
അംഗീകൃത ദേശീയ,സംസ്ഥാന പാര്‍ട്ടികളുടെ പ്രതിനിധികളും സ്ഥാനാര്‍ഥികളും പരസ്യം ചെയ്യുന്നതിന് മൂന്നു ദിവസം മുമ്പും മറ്റ് സംഘടനകളും വ്യക്തികളും ഏഴു ദിവസം മുമ്പുമാണ് അപേക്ഷ നല്‍കേണ്ടത്. ഇതുപോലെ ബള്‍ക്ക് എസ്എംഎസുകള്‍ക്കും വോയ്സ് മെസേജുകള്‍ക്കും പ്രീ സര്ട്ടിഫിക്കേഷന് ആവശ്യമാണ്. എംസിഎംസിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടുന്ന പരസ്യങ്ങള്‍ കമ്മിറ്റി വിലയിരുത്തി 24 മണിക്കൂറിനകം തീരുമാനമറിയിക്കും.
പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, സംപ്രേഷണം ചെയ്യുന്നതിനുള്ള ചെലവ്, ഏതെങ്കിലും സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ളതാണോ പാര്‍ട്ടിക്ക് വേണ്ടിയുള്ളതാണോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കി നിശ്ചിത ഫോറത്തിലാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷാഫോറത്തിന്റെ മാതൃക ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ എംസിഎംസി സെല്ലില്‍ ലഭിക്കും.
പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പണം ചെക്കായോ ഡിമാന്റ് ഡ്രാഫ്റ്റായോ മാത്രമേ നല്‍കൂ എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയും ഇതോടൊപ്പം ഉണ്ടാകണം. പരസ്യത്തിന്റെ ഇലക്ട്രോണിക് ഫോര്‍മാറ്റിലുള്ള (പെന്‍ഡ്രൈവ്/സിഡി/ഡിവിഡി) രണ്ട് പകര്‍പ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്ക്രിപ്റ്റും അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണം.
നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാല്‍ പരസ്യത്തിന് അനുമതി നിഷേധിക്കാനും കമ്മിറ്റിക്ക് അധികാരമുണ്ട്. ഇലക്ട്രോണിക് മാധ്യമങ്ങളിൽ വരുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ അംഗീകാരം ലഭിച്ചവയാണോ എന്ന് എംസിഎംസി സെല്‍ പരിശോധിക്കും. മറ്റു മാധ്യമങ്ങളിലെ പരസ്യങ്ങളും തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തും.