വെബ് കാസ്റ്റിംഗ് ചുമതലയിൽനിന്ന് അക്ഷയ കേന്ദ്രങ്ങളെ ഒഴിവാക്കി
1415351
Tuesday, April 9, 2024 7:37 AM IST
കാസർഗോഡ്: ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെബ് കാസ്റ്റിംഗ് ചുമതലയിൽ നിന്ന് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളെ ഒഴിവാക്കി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെയും വെബ് കാസ്റ്റിംഗിന്റെ ചുമതല ചെന്നൈ ആസ്ഥാനമായ ഒരു ഡിജിറ്റൽ കമ്പനിക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നല്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലുമുൾപ്പെടെ വെബ് കാസ്റ്റിംഗിനുള്ള സംവിധാനങ്ങൾ ഇവരാണ് ഒരുക്കുക.
കള്ളവോട്ടുകൾ തടയുന്നതിനുള്ള ഫലപ്രദമായ മാർഗമെന്ന നിലയിലാണ് വെബ് കാസ്റ്റിംഗ് സംവിധാനം കൊണ്ടുവന്നത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളിലാണ് ഈ സംവിധാനം ആദ്യമായി കൊണ്ടുവന്നത്. തുടർന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഈ സംവിധാനം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലുൾപ്പെടെ കള്ളവോട്ടുകൾ കണ്ടുപിടിച്ച് തടയുന്നതിൽ ഗണ്യമായ പങ്കു വഹിക്കുകയും ചെയ്തു.
എന്നാൽ ക്രമേണ അക്ഷയ സംരംഭകരുടെ രാഷ്ട്രീയം വെബ് കാസ്റ്റിംഗിന്റെ സാങ്കേതിക നിലവാരത്തെ ബാധിക്കുന്നതായുള്ള പരാതികൾ തെരഞ്ഞെടുപ്പു കമ്മീഷനു മുമ്പാകെ എത്തിയിരുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സിപിഎം ശക്തികേന്ദ്രങ്ങളിലെ ബൂത്തുകളിൽ നിന്നുള്ള വെബ് കാസ്റ്റിംഗിനു മാത്രം ഇടയ്ക്കിടെ സാങ്കേതിക തകരാറുകൾ സംഭവിക്കുന്നതും ലീഗിന്റെയും മറ്റും കേന്ദ്രങ്ങളിൽ നിന്നും എല്ലായ്പോഴും കൃത്യമായ വീഡിയോ ദൃശ്യങ്ങൾ ലഭിക്കുന്നതുമായ സംഭവങ്ങൾ കമ്മീഷന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. സിപിഎം കേന്ദ്രങ്ങളിൽ വോട്ടർമാരുടെ മുഖം ചിത്രീകരിക്കുന്നതിനു പകരം ഇടയ്ക്കിടെ കാമറ ബൂത്തിലെ മറ്റു ദൃശ്യങ്ങളിലേക്ക് തെന്നിപ്പോകുന്നതും പതിവായി. ഇതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്കർഷിക്കുന്ന സാങ്കേതിക നിലവാരത്തോടെ വെബ് കാസ്റ്റിംഗ് നടത്താൻ അക്ഷയ കേന്ദ്രങ്ങൾക്ക് സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അക്ഷയ കേന്ദ്രങ്ങളെ ചുമതലയിൽനിന്നും ഒഴിവാക്കാൻ കമ്മീഷൻ തീരുമാനിച്ചത്.
ഇത്തവണ നിർമിതബുദ്ധിയുടെ സാധ്യതകൾ കൂടി ഉപയോഗപ്പെടുത്തിയുള്ള കേന്ദ്രീകൃത വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഓരോ ബൂത്തിലെയും എല്ലാ നടപടിക്രമങ്ങളും നിരീക്ഷിക്കുന്ന വിധത്തിൽ ഏഴടി ഉയരത്തിലാണ് കാമറ സ്ഥാപിക്കുക.
ബൂത്തുകളിലെ അസാധാരണമായ തിരക്കും ശബ്ദങ്ങളുമുൾപ്പെടെ രേഖപ്പെടുത്തി അതത് സമയം തന്നെ തെരഞ്ഞെടുപ്പ് മീഷന്റെ നിരീക്ഷണ സംവിധാനങ്ങളിലേക്കെത്തിക്കും. ഇത്രയും വിപുലമായ ഡിജിറ്റൽ സംവിധാനങ്ങൾ അക്ഷയ കേന്ദ്രങ്ങൾക്കില്ലെന്നതും ഒഴിവാക്കുന്നതിനുള്ള കാരണമായി.