പ്രഖ്യാപനത്തില്‍ ഒതുങ്ങി നീലേശ്വരം തിയേറ്റര്‍ സമുച്ചയം
1414972
Monday, April 8, 2024 1:42 AM IST
നീലേശ്വരം: സിനിമ തിയേറ്ററുകളിലേക്ക് ആളുകള്‍ തിരികെയെത്തുകയും മലയാള സിനിമ അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളക്ഷന്‍ റിക്കാര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്യുന്ന കാലത്തും നീലേശ്വരം നഗരസഭയ്ക്ക് സിനിമ തിയേറ്റര്‍ എന്നത് സ്വപ്നം മാത്രം.
കേരളത്തില്‍ തിയേറ്റര്‍ ഇല്ലാത്ത ഏക നഗരസഭയായ നീലേശ്വരത്ത് തിയറ്റര്‍ കോംപ്ലക്സ് നിര്‍മിക്കുമെന്ന ചലച്ചിത്ര വികസന കോര്‍പറേഷന്റെ പ്രഖ്യാപനം നാളിതുവരെയായിട്ടും എങ്ങുമെത്തിയിട്ടില്ല.
തൊട്ടടുത്ത ചെറുവത്തൂര്‍ പഞ്ചായത്തില്‍ പോലും തിയേറ്റര്‍ വിജയകരമായി പ്രവര്‍ത്തിക്കുമ്പോഴാണ് നീലേശ്വരത്തിന് ഈ ദുര്‍ഗതി. ചലച്ചിത്ര വികസന കോര്‍പറേഷന്റെ സഹകരണത്തോടെ മൂന്നു സ്ക്രീനുകളുള്ള തിയറ്റര്‍ കോംപ്ലക്സ് സ്ഥാപിക്കുമെന്ന് മുന്‍ നഗരസഭ ഭരണസമിതി അവകാശപ്പെട്ടിരുന്നതാണ്.
ലെനിന് രാജേന്ദ്രന് ചലച്ചിത്ര വികസന കോര്പറേഷന് ചെയര്മാന് ആയിരുന്ന കാലത്ത് തിയേറ്റര്‍ സമുച്ചയം നിര്‍മിക്കാനുദ്ദേശിച്ചിരുന്ന കോട്ടപ്പുറത്തെ സ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, ഇവിടെ പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ ചെറപ്പുറത്ത് തിയേറ്റര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇതിനായി 60 സെന്റ് സ്ഥലം 30 വര്‍ഷത്തേയ്ക്ക് പാട്ടത്തിനു നല്കാന് 2018ല്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചതാണ്.
എന്നാല്‍, മണ്ണുപരിശോധന നടത്തി എന്നതല്ലാതെ പിന്നീട് യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഒരുകാലത്ത് നാലു സിനിമ തിയേറ്ററുകള്‍ ഉണ്ടായിരുന്ന പ്രദേശമാണിത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് തനതുവരുമാനം ഉള്ള നഗരസഭയാണ് നീലേശ്വരം. സിനിമ തിയേറ്റര്‍ അഭാവം ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.