എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും: മന്ത്രി ബിന്ദു
1396756
Saturday, March 2, 2024 1:50 AM IST
പനത്തടി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനായി അപേക്ഷ നല്‍കിയവര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. പനത്തടി മാതൃക ശിശു പുനരധിവാസ കേന്ദ്രം (എംസിആര്‍സി) ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി രണ്ടായിരത്തോളം അപേക്ഷകള്‍ ജില്ലയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. മുഴുവന്‍ പേരെയും വൈദ്യപരിശോധന നടത്തി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ് മുന്നോട്ടു പോവുകയാണ് എന്നും ആരോഗ്യവകുപ്പും സാമൂഹിക നീതി വകുപ്പും ചേര്‍ന്ന് എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ കൂടുതല്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഇ. ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷത വഹിച്ചു. എം.പി. രാജ്മോഹന്‍ ഉണ്ണിത്താന്, ജില്ലാ പഞ്ചായത്ത് മെംബര്‍ ഷിനോജ് ചാക്കോ, കെഎസ്എസ്എം എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്, പി.എം. കുര്യാക്കോസ്, എം. പത്മകുമാരി, മുഹമ്മദ് ഫൈസല്‍, ലത അരവിന്ദന്, രാധാകൃഷ്ണ ഗൗഡ, സുപ്രിയ ശിവദാസ്, അരുണ്‍ രംഗത്തുമല, രാധ സുകുമാരന്‍, കെ.ജെ. ജയിംസ്, ബി. സജിനിമോള്‍, എന്‍. വിന്‍സന്റ്, കെ.കെ. വേണുഗോപാല്‍, ബി. ചന്ദ്രമതിയമ്മ, പി.എസ്. പ്രിജി, രാഷ്ട്രീയ പ്രതിനിധികളായ എം.വി. കൃഷ്ണന്, കെ.കെ. സുകുമാരന്‍, സി. കൃഷ്ണന് നായര്‍, ജി. രാമചന്ദ്രന്, ബാബു പാലാപറമ്പില്‍, എം. അബ്ബാസ് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് സ്വാഗതവും സെക്രട്ടറി വി.പി. അബുസലിം നന്ദിയും പറഞ്ഞു.