ആട്ടവും പാട്ടുമായി പരപ്പയിലെ കുട്ടികൾ
1396515
Friday, March 1, 2024 1:11 AM IST
പരപ്പ: ജിഎച്ച്എസ്എസിലെ പ്രീപ്രൈമറി വിഭാഗത്തിൽ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടത്തിവരുന്ന പത്ത് ഉത്സവങ്ങളിൽ മൂന്നാമത്തെ ഉത്സവമായ ആട്ടവും പാട്ടും സംഘടിപ്പിച്ചു. പാട്ടുകൾ പാടിയും ആടിയും കുട്ടികൾ തന്നെയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. അധ്യാപകനും നാടൻപാട്ട് കലാകാരനുമായ ഷൈജു ബിരിക്കുളം മുഖ്യാതിഥിയായി.
ജില്ലാ പ്രോഗ്രാം ഓഫീസർ കെ.പി. രഞ്ജിത് പദ്ധതി വിശദീകരണം നടത്തി. പിടിഎ പ്രസിഡന്റ് എ.ആർ. വിജയകുമാർ അധ്യക്ഷത വഹിച്ചു. സി.ജെ. സജിത സ്വാഗതവും പി. രമണി നന്ദിയും പറഞ്ഞു.
ശാസ്ത്രീയമായ പ്രീ സ്കൂൾ അനുഭവങ്ങൾ നല്കുന്നതിന് ഒരുക്കിയ കുഞ്ഞരങ്ങ്, വരയിടം, ഭാഷാവികാസയിടം തുടങ്ങി വിവിധ ഇടങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തിയാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ബിആർസി പ്രവർത്തകരുടെയും സഹായത്തോടെ കുട്ടിപ്പാട്ടുകൾക്ക് ആവിഷ്കാരമൊരുക്കിയത്.