എക്സൈസ് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ആരംഭിച്ചു
1396513
Friday, March 1, 2024 1:11 AM IST
കാസര്‍ഗോഡ്: ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സൈസ് വകുപ്പ് കാസര്‍ഗോഡ് ഡിവിഷന് ജില്ലയില്‍ ഉടനീളം എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കി വരികയാണെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ. ജയരാജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍ഗോഡ് ഡിവിഷന് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു കണ്ട്രോള് റൂം കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സുകള്‍ പ്രവര്‍ത്തിക്കുന്നു. ജില്ലാ അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രത്യേക പട്രോളിംഗിനായി ഒരു ബോര്‍ഡര്‍ പട്രോള്‍ യൂണിറ്റ് രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിവരുന്നുണ്ട് അബ്കാരി - മയക്കുമരുന്ന് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ജില്ലയിലെ സ്ഥിരം കുറ്റാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് പ്രത്യേക നിരീക്ഷണം നടത്തി നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. മദ്യം, മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിന് ജില്ലയിലൂടനീളം വാഹന പരിശോധനയും കര്‍ശനമായി നടപ്പിലാക്കി വരുന്നു.
മറ്റു വകുപ്പുകളുമായി ചേര്‍ന്നും അല്ലാതെയും കോമ്പിംഗ് ഓപ്പറേഷന് വഴി വാഹന പരിശോധനയും നടത്തിവരുന്നുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. വിദ്യാലയങ്ങളുടെ വേനല്‍ക്കാല അവധിക്കാലത്ത് ലഹരി മയക്കുമരുന്ന് മാഫിയയുടെ പിടിയില്‍ വിദ്യാര്‍ത്ഥികള്‍ അകപ്പെടാതിരിക്കാന്‍ ബോധവത്കരണത്തിനായി പ്രത്യേക അധ്യാപക രക്ഷകര്തൃയോഗങ്ങള് ചേരുന്നതിന് ജനകീയ സമിതി യോഗം നിര്‍ദേശിച്ചു.
വേനലവധിയ്ക്ക് അടയ്ക്കുന്നതിന്റ് ഭാഗമായി കാമ്പസുകളിലും വിദ്യാലയങ്ങളിലും കുട്ടികള്‍ കൂട്ടം ചേര്‍ന്ന് പ്രത്യേകം പാര്‍ട്ടികള്‍ സംഘടിപ്പിക്കുമ്പോള്‍ അവിടെ ലഹരി സംഘങ്ങള്‍ക്ക് വളരാനുള്ള ഇടം കൊടുക്കാതിരിക്കാനുള്ള ജാഗ്രത പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു.
സാമൂഹികമാധ്യങ്ങളിലൂടെയും മറ്റും തെറ്റായ സന്ദേശം നല്കി വിദ്യാര്‍ഥിനികളെ വലയില്‍ പെടുത്തുന്നത് തടയാനും ജാഗ്രത പാലിക്കും. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 107.86 കിലോഗ്രാം കഞ്ചാവ് പിടികൂടിയത് സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ്.
ഒരു മാസത്തിനിടെ എക്സൈസ് വകുപ്പ് 589 റെയ്ഡുകള്‍ നടത്തി. 87 സംയുക്ത റെയ്ഡുകളും നടത്തി. 97 അബ്കാരി കേസുകളും 9 എന്‍ഡിപിഎസ് കേസുകളും 38 കോട്പ കേസുകളും കണ്ടുപിടിച്ചു. വിവിധ കേസുകളിലായി 30.7 ലിറ്റര്‍ ചാരായം, 320 ലിറ്റര്‍ വാഷ്, 185.3 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 742.63 ലിറ്റര്‍ ഇതര സംസ്ഥാന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 27.95 ലിറ്റര്‍ ബിയര്‍ എന്നിവ പിടിച്ചെടുത്തു.
വിവിധ കേസുകളില്‍ 10,000 രൂപയും മൂന്ന് മൊബൈല്‍ ഫോണും രണ്ടു കഞ്ചാവ് ബീഡിയും പിടിച്ചെടുത്തിട്ടുണ്ട്. 29 കോട്പ കേസുകളില്‍ പിഴയായി 58,200 രൂപയും ഈടാക്കിയിട്ടുണ്ട്. 12,389 വാഹന പരിശോധന നടത്തി. കള്ളുഷാപ്പുകളില്‍ നിന്നുള്ള 26 സാമ്പിളുകള്‍ കോഴിക്കോട് കെമിക്കല്‍ ലാബിലേക്ക് അയച്ചു. രാസപരിശോധന ഫലം ലഭ്യമായിട്ടില്ല. യോഗത്തില്‍ ഡിസിആര്‍ബി ഡിവൈഎസ്പി പി.കെ. സാബു, വിവിധ രാഷ്ട്രീയ പ്രതിനിധികളായ രവി കുങ്ങര, ഷെരീഫ് കൊടുവഞ്ചി, ഹസൈനാര്‍ നുള്ളിപ്പാടി, വിവിധ വകുപ്പ് പ്രതിനിധികളായ ഇ.ടി. ഷിജു, ആര്. രജിത്, അസി. എക്സൈസ് കമ്മീഷണര്‍ എച്ച്. നൂറുദ്ദീന്‍, വിമുക്തി മാനേജര്‍ എസ്. പ്രമോദ് എന്നിവര്‍ പങ്കെടുത്തു.