സഹജീവനം സ്നേഹഗ്രാമം ഉദ്ഘാടനം ചെയ്തു
1396510
Friday, March 1, 2024 1:11 AM IST
ബോവിക്കാനം: മുളിയാര്‍ മുതലപ്പാറയില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം സഹജീവനം സ്നേഹ ഗ്രാമം ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്. ബിന്ദു നിർവഹിച്ചു. സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു. സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ എച്ച്. ദിനേശന് പദ്ധതി വിശദീകരിച്ചു.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എംഎല്‍എമാരായ ഇ. ചന്ദ്രശേഖരന്, എഡിഎം കെ.വി. ശ്രുതി, പ്ലാനിംഗ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്സ് സ്പെഷല്‍ സെക്രട്ടറി ഷൈനി ജോര്‍ജ് എന്നിവര്‍ വിശിഷ്ടാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി, ബി.കെ. നാരായണന്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം. മനു, എസ്.എന്‍. സരിത, ജില്ലാ പഞ്ചായത്തംഗം പി.ബി. ഷെഫീഖ്, ബ്ലോക്ക് പഞ്ചായത്തംഗം എം. കുഞ്ഞമ്പു നമ്പ്യാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ജനാര്ദ്ദനന്, സ്ഥിരംസമിതി അധ്യക്ഷന്‍ ഇ. മോഹനന്, വാര്‍ഡ് മെംബര്‍ രമേശന് മുതലപ്പാറ, കാസര്‍ഗോഡ് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ വി. ചന്ദ്രന്, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ പി. സുര്‍ജിത്ത്, കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ വി.വി. രമേശന്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം. മാധവന്, എം.സി. പ്രഭാകരന്, കെ.ബി. മുഹമ്മദ്കുഞ്ഞി, അബ്ദുള്‍ റൗഫ്, ജയകൃഷ്ണന്, അബ്ദുള്‍ഖാദര്‍ കേളോട്ട് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് സ്വാഗതവും ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്യ പി. രാജ് നന്ദിയും പറഞ്ഞു.
നിര്‍മാണം പൂര്‍ത്തിയാക്കാതെ,
ജീവനക്കാരെ നിയമിക്കാതെ ഉദ്ഘാടനം
ബോവിക്കാനം: രാജ്യത്തിന് തന്നെ മാതൃകയായ പുനരധിവാസഗ്രാമം എന്നു കൊട്ടിഘോഷിച്ച് നിര്‍മാണം തുടങ്ങിയ എന്‍ഡോസള്‍ഫാന്‍ പുനരധിവാസഗ്രാമം ഒന്നാംഘട്ടമെന്ന പേരില്‍ ഉദ്ഘാടനം ചെയ്തത് 10 ശതമാനം പോലും നിര്‍മാണം പൂര്‍ത്തിയാകാതെ. 10 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് അവകാശപ്പെട്ടാണ് 2020ല്‍ അന്നത്തെ സാമൂഹികനീതി മന്ത്രി കെ.കെ. ശൈലജ ശിലാസ്ഥാപനം നിര്‍വഹിച്ചത്. എന്നാല്‍ ആദ്യഘട്ടത്തിന്റെ പണി തുടങ്ങിയത് തന്നെ 2022 മെയ് 25നാണ്.
ഒരുവര്‍ഷമാണ് കാലാവധി അനുവദിച്ചതെങ്കിലും അതും സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല ദുരിതബാധിതര്‍ക്കായി കെയര്‍ഹോം, ലൈബ്രറി, ഫിസിയോ തെറാപ്പി-റിക്രിയേഷന്‍ ക്ലാസ് മുറികള്‍, നൈപുണ്യവികസനകേന്ദ്രം, പരിശോധനമുറി, താമസസൗകര്യം എന്നിവ ഉള്‍പ്പെട്ടതാണ് പുനരധിവാസഗ്രാമം. 58 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിനുള്ള തുക പോലും ഇതുവരെ അനുവദിച്ചിട്ടില്ല.
ക്ലിനിക്കല്‍ സൈക്കോളജി, ഹൈഡ്രോ തെറാപ്പി എന്നീ സേവനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇതുവരെ സൈക്കോളജിസ്റ്റിനെയോ ഹൈഡ്രോ തെറാപ്പിസ്റ്റിനെയോ ഇവിടെ നിയമിച്ചിട്ടില്ല. നടപടികള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ പറയുന്നുണ്ടെങ്കിലും എപ്പോള്‍ നിയമനം നടത്തുമെന്ന കാര്യത്തില്‍ അവര്‍ക്ക് ഉത്തരമില്ല.
അതിനാല്‍ ഒരു കെട്ടിടോദ്ഘാടനം നടന്നതല്ലാതെ ഇതിന്റെ പ്രയോജനം ദുരിതബാധിതര്‍ക്ക് എന്നുമുതല്‍ ലഭിച്ചുതുടങ്ങും ആര്‍ക്കും ഒരു രൂപവുമില്ല.