പെർമിറ്റ് ഫീസ് വര്‍ധന: കെട്ടിടനിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്
1395679
Monday, February 26, 2024 1:39 AM IST
കാസര്‍ഗോഡ്: അടുത്തിടെ വര്‍ധിപ്പിച്ച ബില്‍ഡിംഗ് പെര്‍മിറ്റ് ഫീസ് വര്‍ധനവ്, റെഗുലറൈസേഷന് ഫീസ് വര്‍ധനവ്, പുതിയ സോഫ്റ്റ്വെയര് സംവിധാനത്തിന്റെ സുതാര്യമില്ലായ്മ എന്നിവ മൂലം കെട്ടിടനിര്‍മാണമേഖല സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് (സിഡബ്ല്യുഎസ്എ) ഭാരവാഹികള്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇന്നു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 643 ക്വാറികളില്‍ 300 ക്വാറികൾക്കും മാര്‍ച്ച് മാസത്തോടുകൂടി പെര്‍മിറ്റ് കാലാവധി അവസാനിക്കുകയാണ്.
പുതിയ പെര്‍മിറ്റുകള്‍ ലഭിക്കുന്നതുമല്ല. വരും വര്‍ഷങ്ങളില്‍ ബാക്കി വരുന്ന ക്വാറികളുടെ പ്രവര്‍ത്തനവും നിശ്ചലമാകും. ഇതു നടപ്പിലാക്കുന്നതോടുകൂടി നിര്‍മാണമേഖല നിശ്ചലമാകും. ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം ചെയ്യുന്ന എല്ലാവരും തൊഴില്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥ വന്നുചേരുകയും പട്ടിണിയിലേക്ക് പോകുന്ന അവസ്ഥയും വന്നുചേരും.
വര്‍ധിപ്പിച്ച കെട്ടിട നിര്‍മാണ ഫീസ് പുനഃപരിശോധിക്കുക, പാരമ്പര്യ മേസ്തിരിമാര്‍ക്ക് അംഗീകാര സര്‍ട്ടിഫിക്കറ്റ് നല്‍കുക, സൈറ്റ് ഇന്‍ഷുറന്‍സ് നടപ്പില്‍ വരുത്തുക, നിര്‍മാണമേഖലയില്‍ തൊഴില്‍ ഉറപ്പുവരുത്തുക, റെഗുലറൈസേഷന് ഫീസ് വര്‍ധനവ് പിന്‍വലിക്കുക, പുതിയ സോഫ്റ്റ്വെയര് സുതാര്യമാക്കുക,
നിര്‍മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കുക, നിര്‍മാണസാധനങ്ങളുടെ ഗുണനിലവാരവും വില നിയന്ത്രണവും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുക എന്നീ ആവശ്യങ്ങളുമായി നാളെ സംഘടനയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് എ.ആര്. മോഹനന്, സെക്രട്ടറി പി. അരവിന്ദാക്ഷന്, ട്രഷറര്‍ സുനില്‍ പരപ്പ, അജിത് ഉദുമ, ആര്. രാജ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.