മലയോരഹൈവേയ്ക്കുവേണ്ടി മുറിച്ച മരങ്ങൾ സ്വകാര്യ വ്യക്തി കടത്തി
1395433
Sunday, February 25, 2024 7:17 AM IST
മുള്ളേരിയ: ആദൂര്‍ പടിയത്തടുക്കയില്‍ മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരത്തടികൾ സ്വകാര്യ വ്യക്തി അർധരാത്രിയിൽ കടത്തിക്കൊണ്ടുപോയി. ആദൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ നടക്കുകയായിരുന്ന വാഹനപരിശോധനയ്ക്കിടെ തടികളും ലോറിയും പിടിയിലായി. ഇവ പിന്നീട് വനംവകുപ്പിന് കൈമാറി.
രേഖകളില്ലെന്ന് വ്യക്തമായതോടെയാണ് ആദൂർ എസ്ഐ കെ. അനുരൂപിന്റെ നേതൃത്വത്തില്‍ മരത്തടികളും ലോറിയും കസ്റ്റഡിയിലെടുത്തത്. നാല് ലക്ഷത്തോളം രൂപയോളം വിലമതിക്കുന്ന തടികളാണ് ലോറിയിലുണ്ടായിരുന്നത്.
പടിയത്തടുക്കയില്‍ റോഡരികിൽ സൂക്ഷിച്ചിരുന്ന മരത്തടികളാണ് ഇവയെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഹൈവേ നിർമാണത്തിനായി മുറിച്ചുമാറ്റിയ മരങ്ങള്‍ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേതാണെന്ന് അവകാശപ്പെട്ടാണ് മരത്തടികള്‍ കടത്താന്‍ ശ്രമിച്ചത്. സീതാംഗോളിയിലെ സ്വകാര്യമില്ലിലേക്കാണ് ഇവ കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ വനംവകുപ്പ് ആന്വേഷണമാരംഭിച്ചിട്ടുണ്ട്.